school

എല്ലാവർക്കും ജീവിതത്തിലെ മനോഹരമായ കാലഘട്ടമാണ് സ്കൂൾ ജീവിതം. എന്നാൽ, നമ്മുടെ ധാരണകളെ തകിടം മറിക്കുന്ന വിചിത്രമായ സ്കൂളുകൾ ലോകത്തുണ്ട്.

കുറച്ച് ഭയാനകമായ ചുറ്റുപാടുകളിൽ സ്ഥിതിചെയ്യുന്ന ഒരു സ്കൂളാണ് വിച്ച് സ്കൂൾ. മാന്ത്രികമായ കാര്യങ്ങളെയും മറ്റുമാണ് ഇവിടെ കൂടുതലായി പഠിപ്പിക്കുക. ചിക്കാഗോയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ പഠിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചും ചരിത്രങ്ങളെ കുറിച്ചും പ്രദേശവാസികൾക്ക് വ്യക്തമായ അറിവുകളില്ല. ആയതിനാൽ തന്നെ ശക്തമായ പ്രതിഷേധമാണ് ഇതിനെക്കുറിച്ച് പ്രദേശവാസികൾക്കുള്ളത്. പാരമ്പര്യമായ മാന്ത്രിക വസ്തുതകളെയും മതങ്ങളിലെ പ്രവർത്തന രീതികളെ കുറിച്ചുമാണ് ഇവിടെ കൂടുതലായി പഠിപ്പിക്കുന്നത്.

ജെയിംസ് ഈസ്റ്റ് എന്ന വ്യക്തിയുടെ ഒരു പരീക്ഷണമായിരുന്നു ബുർജീസ് ഹൈസ്കൂൾ. കുട്ടികൾ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും നടപ്പിലാക്കുവാനുള്ള സ്വാതന്ത്ര്യം ആ സ്കൂളിലുണ്ട്. ക്ലാസ് മുറികളിൽ സിഗരറ്റ് വലിക്കുക, സ്കൂൾ ഗ്രൗണ്ടിലൂടെ ബൈക്ക് സ്റ്റണ്ട് നടത്തുക തുടങ്ങിയവയൊക്കെ ഇവിടെ സ്ഥിരം കാഴ്ചയാണ്. കൂടാതെ തോന്നുന്ന സമയങ്ങളിലൊക്കെ ക്ലാസ് കട്ട്ചെയ്ത് പുറത്തു പോകുവാനും ഇവിടെ യാതൊരു തരത്തിലുള്ള വിലക്കും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും ഈ പരീക്ഷണ സ്കൂളിന് ഒരുപാട് നാൾ ആയുസ്സുണ്ടായിരുന്നില്ല. വളരെ കുറച്ച് നാളുകൾക്കുള്ളിൽ ഈ സ്കൂൾ അടച്ചുപൂട്ടുകയും ചെയ്തു.

ഫോറസ്റ്റ് കിന്റർ ഗാർട്ടൻ എന്ന പേരുപോലെ തന്നെ ഒരു വന പ്രദേശത്താണ് ഈ സ്കൂളിന്റെ പ്രവർത്തനം. വളരെ വിശാലമായ പ്രദേശത്ത് വനത്തിന് നടുവിലിരുന്ന് പഠിക്കുകയും അവിടെത്തന്നെ വിശ്രമിക്കുവാനും ഉറങ്ങുവാനും സാധിക്കും. കൂടാതെ മരത്തിൽ കയറുവാനും വെള്ളത്തിൽ ചാടുവാനുമൊക്കെ ഇവർക്ക് കഴിയും. ഇവരുടെ മേൽനോട്ടത്തിനായി മികച്ച പരിശീലനം നൽകിയ അദ്ധ്യാപകരാണുള്ളത്.

മറ്റൊരു വിദ്യാലയം ട്രബാജോ യാഹ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിപ്പിക്കുന്നതാണ്. പെൺകുട്ടികളിൽ ലൈംഗിക വിഷയങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുക, വേശ്യാവൃത്തി പോലുള്ള കാര്യങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾ നടത്തുക തുടങ്ങിയവയായിരുന്നു ഈ സ്കൂളിലെ പാഠ്യപദ്ധതി. പുരുഷന്മാരെ വശീകരിക്കുന്നതിനുള്ള രീതികൾ, പ്രൊഫഷണലായ വേശ്യാവൃത്തിയെക്കുറിച്ചുള്ള കാര്യങ്ങൾ എന്നിവയെല്ലാമായിരുന്നു ഈ സ്കൂളിൽ പഠിപ്പിച്ചിരുന്നത്. സ്പെയിനിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഇനിയുള്ളത് വർഷം മുഴുവൻ ലോക യാത്രയ്ക്കുള്ള സൗകര്യം നൽകുന്ന ഒരു സ്കൂളാണ്. ഫീമെയിൽ ട്രാവലിംഗ് സ്കൂൾ. 15 മുതൽ 18 വയസ്സു വരെ പ്രായമുള്ള പെൺകുട്ടികൾക്കാണ് ഇതിനുള്ള അവസരം ലഭിക്കുന്നത്. ലോക പൈതൃകങ്ങളെ മനസ്സിലാക്കുന്നതിനും വ്യത്യസ്തരായ മനുഷ്യരെ കാണുന്നതിനും അവരുടെ ജീവിതം മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലുള്ള യാത്രകൾ. നാല് വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപിക എന്ന കണക്കിലാണ് ഈ യാത്ര. ആഫ്രിക്ക, ഇന്ത്യ അങ്ങനെ വ്യത്യസ്തമായ പല രാജ്യങ്ങളിലൂടെ ഇവർ കടന്നു പോകുന്നു. അതുകൊണ്ടുതന്നെ ഈ സ്കൂളിന്റെ വാർഷിക ഫീസ് ആയി ഈടാക്കുന്നത് 27000 ഡോളറാണ്.