chathannoor-police
ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ

ചാത്തന്നൂർ: ഫണ്ട് അനുവദിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും ചാത്തന്നൂർ എ.സി.പി ഓഫീസിന് മതിൽ നിർമ്മിക്കാതെ അധികൃതരുടെ അനാസ്ഥ. കാടുകയറി ഇഴജന്തുക്കളുടെ താവളമായി മാറിയ പൊലീസ് സ്റ്റേഷൻ വളപ്പിന് ചുറ്റുമതിൽ ഇല്ലാത്തത് സമീപവാസികളെ ഭീതിയിലാഴ്ത്തുകയാണ്.

പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നുള്ള ഉത്തരവിനെ തുടർന്ന് 2017 ജൂലായിലാണ് അന്നത്തെ ജില്ലാ പൊലീസ് മേധാവി അജീതാ ബീഗം 4.98 ലക്ഷം രൂപ ആദ്യഗഡുവായി പൊതുമരാമത്ത് കെട്ടിടം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് അനുവദിച്ച് ഉത്തരവായത്. നിശ്ചിത സമയത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ വർഷം മൂന്ന് പിന്നിടുമ്പോൾ മതിൽ പോയിട്ട് ഒരു വേലി പോലും നിർമ്മിക്കാൻ നടപടിയുണ്ടായില്ല.

ഒന്നേമുക്കാൽ ഏക്കറോളം വിസ്തൃതിയുള്ള പൊലീസ് സ്റ്റേഷൻ വളപ്പ് കസ്റ്റഡി വാഹനങ്ങളുടെ ശവപ്പറമ്പാണ്. ഇതിന് പുറമെ കാടുകയറി മാലിന്യനിക്ഷേപ കേന്ദ്രമായ വസ്തുവിൽ തെരുവുനായ്ക്കളും ഇഴജന്തുക്കളും താവളമാക്കി. ചുറ്റുമതിൽ ഇല്ലാത്തതിനാൽ ഇവിടെ നിന്ന് ഇഴജന്തുക്കൾ സമീപത്തെ വീടുകളിലേക്കുൾപ്പെടെ എത്താൻ തുടങ്ങിയതോടെ സമീപവാസികൾ ഭീതിയിലായി. ഇതേതുടർന്ന് മാമ്പള്ളിക്കുന്നം ഗാന്ധിനഗർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.

 ചാത്തന്നൂർ എ.സി.പി ഓഫീസിന് ചുറ്റുമതിൽ നിർമ്മിക്കുന്നതിന് മേൽനോട്ട ചുമതലയുള്ള കുണ്ടറ അസി. എൻജിനീയറുടെ കാര്യാലയത്തിൽ കഴിഞ്ഞ വർഷം അന്വേഷണം നടത്തിയിരുന്നു. വലിയപള്ളി മുതൽ പൊലീസ് സ്റ്റേഷൻ ഗേറ്റ് വരെയുള്ള ഇടവഴിയോട് ചേർന്ന ഭാഗത്തെ നിർമ്മാണം ഉടൻ തുടങ്ങുമെന്നാണ് അവിടെ നിന്ന് ലഭിച്ച വിവരം. എന്നാൽ പിന്നീട് തുടർനടപടികൾ ഉണ്ടായില്ല.

ജി. ദിവാകരൻ, പ്രസിഡന്റ്, മാമ്പള്ളിക്കുന്നം ഗാന്ധിനഗർ റസി. അസോസിയേഷൻ