പുനലൂർ: കൊല്ലം-തിരുമംഗം ദേശീയ പാതയിൽ നിയന്ത്രണം വിട്ടെത്തിയ കാലി ലോറി എതിർ ദിശയിൽ നിന്ന് സിമന്റ് കയറ്റിയെത്തിയ മറ്റൊരു ലോറിയിൽ ഇടിച്ച് ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.വെള്ളിയാഴ്ച രാത്രി 9മണിയോടെ തെന്മല പഞ്ചായത്തിലെ ക്ഷേത്ര ഗിരിയിലെ ഒന്നാം വളവിലായിരുന്നു അപകടം നടന്നത്.മൂവാറ്റുപുഴയിൽ നിന്ന് സിമന്റ് ഇറക്കിയ ശേഷം തമിഴ്നാട്ടിലേക്ക് ലോഡ് കയറ്റാൻ പോയ ടോറസ് ലോറിയും തമിഴ്നാട്ടിൽ നിന്ന് കായംകുളത്തേക്ക് സിമന്റ് കയറ്റിയെത്തിയ മറ്റൊരു ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തിൽ കാലി ലോറിയുടെ മുൻ ഭാഗത്തെ ഒരു വശം തകർന്ന് പോയി.കനത്ത മഴയെ തുടർന്ന് കാലി ലോറി റോഡിൽ നിന്ന് തെറ്റിമാറിയാണ് സിമന്റ് ലോറിയിൽ ഇടിച്ചതെന്ന് സമീപവാസികൾ പറഞ്ഞു.വാഹന അപകടം നിത്യസംഭവമായി മാറുന്ന ക്ഷേത്ര ഗിരിയിലെ ഒന്നാം വളവിൽ അപകട സൂചന ബോർഡ് സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായി.