താമസിക്കുന്നത് പതിമൂന്നാമത്തെ വാടകവീട്ടിൽ
കിടപ്പിലായിട്ട് പന്ത്രണ്ട് വർഷം
പത്തനാപുരം: 'അമ്മയെ കൊലപ്പെടുത്തി ആത്മഹത്യയേ വഴിയുള്ളൂ'- മകന്റെ വാക്കുകളിൽ ദൈന്യതയുടെ ആഴം വർദ്ധിക്കുകയാണ്. പന്ത്രണ്ട് വർഷമായി രോഗം തളർത്തിയ അമ്മയെ കട്ടിലിൽ ചേർത്തുപിടിച്ച് പത്തനാപുരം പിടവൂരിലെ വാടകവീട്ടിലിരുന്ന് ടിന്റു ഇത് പറയുമ്പോൾ മുന്നോട്ടുള്ള വഴികൾ ശൂന്യമാണ്.
പിടവൂർ മണിമന്ദിരത്തിൽ ദേവയാനി (60) വിവിധ രോഗങ്ങളാൽ കിടക്കയിലാണ്. മണിമന്ദിരം എന്ന വിലാസം ഉണ്ടെങ്കിലും ഒരു സെന്റ് ഭൂമി പോലും സ്വന്തമായില്ല. ഇരുപത്തിരണ്ടുകാരനായ മകനാണ് അമ്മയെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതും ആഹാരം വാരി നൽകുന്നതും.
കശുഅണ്ടി തൊഴിലാളിയായിരുന്ന ദേവയാനിക്ക് ഹൃദയ സംബന്ധമായ അസുഖം വന്നതോടെയാണ് കുടുംബത്തിന്റെ താളം തെറ്റിയത്.
ശസ്ത്രക്രിയയെ തുടർന്ന് കിടപ്പിലായ ദേവയാനിയുടെ ചികിത്സയ്ക്കും മകളുടെ വിവാഹത്തിനുമായി ആകെയുണ്ടായിരുന്ന നാല് സെന്റ് സ്ഥലവും വീടും വിറ്റു. ദേവയാനി കിടപ്പിലായതോടെ ഭർത്താവ് ഉപേക്ഷിച്ചുപോയി. ഇതോടെ രോഗിയായ അമ്മയും മകനും ഒറ്റപ്പെട്ടു. പഠനം മുടങ്ങിയ ടിന്റു ഇപ്പോൾ പതിമൂന്നാമത്തെ വാടക വീട്ടിലാണ് കഴിയുന്നത്. മാസവാടക മുടങ്ങുമ്പോൾ വീട്ടുകാർ ഇറക്കിവിടും. ഇതിനിടയിൽ ദേവയാനിക്ക് തലയിൽ രക്തം കട്ടിയാകുന്ന രോഗം പിടിപെട്ടു.
ഇതിന് രണ്ടര മാസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സിക്കേണ്ടി വന്നു. മാസത്തിൽ ഒരു തവണ ചെക്കപ്പിന് പോവുകയും വേണം. മാത്രമല്ല, മരുന്നിന് മാത്രം നല്ലൊരു തുകയും വേണം. അടുത്തിടെ കിഡ്നിക്കും തകരാറുള്ളതായി ഡോക്ടർമാർ വിധിയെഴുതി. ടിന്റുവിന് പെട്രോൾ പമ്പിൽ ജോലി ചെയ്ത് കിട്ടുന്ന ചെറിയ വരുമാനം മാത്രമാണുണ്ടായിരുത്. മുഴുവൻ സമയവും അമ്മയെ നോക്കേണ്ടിവന്നതോടെ ജോലിക്കും പോകാൻ വയ്യാതായി.
പിടവൂർ പുളിവിളയിലെ സുരേഷിന്റെ വാടക വീട്ടിലാണ് ഇപ്പോൾ താമസം. ഒരു വീടിനായി മുട്ടാത്ത വാതിലുകളില്ല. സ്വന്തമായി ഭൂമിയില്ലെന്ന കാരണമാണ് അധികൃതർ പറയുന്നത്. ഇപ്പോഴത്തെ വാടക വീട്ടുകാരും മറ്റ് സുമനസുകളുടെയും സഹായത്താലാണ് ഇതുവരെ കഴിഞ്ഞുവന്നത്. ഓരോദിവസത്തെയും ഭക്ഷണത്തിന് പോലും ഇരുവരും ബുദ്ധിമുട്ടുകയാണ്. സുമനസുകളുടെ സഹായത്തിനായി പത്തനാപുരം എസ്.ബി.ഐയിൽ ദേവയാനിയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചു. നമ്പർ: 38383959275. ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ഐ.എൻ 0070072.