കൊട്ടാരക്കര: ബസുകൾ തമ്മിലുമുള്ള മത്സര ഓട്ടം ആളുകളുടെ ജീവന് ഭീഷണിയാകുന്നു. മത്സരിച്ചോടാൻ സ്വകാര്യബസുകളും കെ.എസ്.ആർ.ടിസിയും ഒട്ടും പിന്നിലല്ല. ഇന്നലെ രാവിലെ എട്ടരയോടെ കോട്ടാത്തല പണയിൽ ജംഗ്ഷനിൽ നിറുത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിനെ ഓവർടേക്ക് ചെയ്ത സ്വകാര്യ ബസ് കാറിനും ബൈക്കിലും ഇടിച്ച് അപകടം ഉണ്ടായി. മത്സരത്തിൽ പങ്കെടുക്കാത്ത ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.ബൈക്ക് ബസിനടിയിൽ പെട്ട് തകർന്നെങ്കിലും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. എതിർ ദിശിൽ നിന്നുമെത്തിയ കാറിന് കേടുപാട് സംഭവിച്ചു.അമിത വേഗതയും മത്സര ഓട്ടവും കഴിഞ്ഞ ആറുമാസത്തിനുള്ളിൽ താലൂക്കിൽ വലുതും ചെറുതുമായ അനേകം വാഹനാപകടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
പൂയപ്പള്ളി ഭാഗത്ത് മത്സര ഓട്ടമില്ല
സ്വകാര്യ ബസുകളുടെ സമയ നിഷ്ഠ പരിശോധിക്കാൻ നിലവിൽ ബസ് ഓണേഴ്സ് അസോസിയേഷന്റെ തന്നെ സംവിധാനം നിലവിലുണ്ട്.കൂടാതെ പലപ്പോഴും പൊലീസും തർക്കമുള്ള റൂട്ടുകളിൽ ശ്രദ്ധവയ്ക്കാറുണ്ട്. ബസുകളുടെ വേഗത നിയന്ത്രിക്കുന്നതിനുള്ള സ്പീഡ് ഗവർണറുകൾ ഇപ്പോൾ ഉപേക്ഷിച്ച അവസ്ഥയിലാണ്. പൂയപ്പള്ളി വഴി കടന്നുപോകുന്ന സ്വകാര്യ ബസുകൾ പൊലീസ് സ്റ്റേഷനിൽ സമയം രേഖപ്പെടുത്തേണ്ടി വരുന്നത് ഇതിന്റെ ഫലമായാണ്.അക്കാരണത്താൽ ഓടനാവട്ടം പൂയപ്പള്ളി ഭാഗത്ത് സമയം തെറ്റിക്കാൻ ബസ് ജീവനക്കാർ തയ്യാറാകാറില്ല. അതുകൊണ്ട് മത്സര ഓട്ടവും കുറവാണ്.
മത്സര ഓട്ടം നടത്തിയാൽ തടയണം
ഓയൂർ റോഡിൽ കൊട്ടാരക്കര മുതൽ ഓടനാവട്ടം വരെ മത്സര ഓട്ടവും അമിത വേഗതയും പതിവാണ്. ഏറ്റവും കൂടുതൽ മത്സര ഓട്ടം നടക്കുന്നത് കൊട്ടാരക്കര പുത്തൂർ ശാസ്താംകോട്ട റൂട്ടിലാണ്. അവിടെ അപകടങ്ങളും കൂടുതലാണ്.ബസുകൾ തമ്മിലുള്ള മത്സര ഓട്ടത്തിനിടയിൽ പലപ്പോഴും അപകടത്തിൽപ്പെടുന്നത് നിരപരാധികളായിരിക്കും.വളരെ ശ്രദ്ധിച്ച് വാഹനം ഓടിക്കുന്നവർ പോലും അപകടത്തിനിരയാകുന്നു.
ഗതാഗത വകുപ്പും പൊലീസും അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മത്സര ഓട്ടം നടത്തുന്ന വാഹനങ്ങൾ തടഞ്ഞിടുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.