കോൺഗ്രസ് സർവേ പുരോഗമിക്കുന്നു
കൊല്ലം: സംസ്ഥാന ഭരണം പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് എ.ഐ.സി.സിയും കെ.പി.സി.സിയും നടത്തുന്ന സ്ഥാനാർത്ഥി നിർണയ സർവേ ജില്ലയിൽ പുരോഗമിക്കുന്നു. ഓരോ നിയമസഭാ മണ്ഡലത്തിലും വിജയ സാദ്ധ്യത കൂടുതലുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തുകയാണ് ലക്ഷ്യം.
നറുക്ക് ആർക്ക് വീഴുമെന്നത് കാത്തിരുന്ന് കാണണം. 70 ശതമാനം സ്ഥാനാർത്ഥികൾ ചെറുപ്പക്കാരും വനിതകളുമായിരിക്കും. ബാക്കി 30 ശതമാനത്തിലായിരിക്കും മുതിർന്ന നേതാക്കളെ പരിണിക്കുക. ഫെബ്രുവരിയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. 30ന് സർവേ റിപ്പോർട്ട് നൽകിയേക്കുമെന്നാണ് സൂചന.
ജില്ലയിൽ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇതിൽ ഏഴോ എട്ടോ ഇടത്ത് കോൺഗ്രസ് മൽസരിക്കും. ബാക്കി സീറ്റ് ഘടക കക്ഷികൾക്കാണ്. വിജയ സാദ്ധ്യത, വിദ്യാഭ്യാസം, സമുദായം, വ്യക്തിത്വം, പ്രവർത്തനോന്മുഖത, ജനകീയ ബന്ധം എന്നിവ നോക്കിയാണ് സ്ഥാനാർത്ഥികളെ പരിഗണിക്കുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ തോൽപിക്കാൻ ചരടുവലിച്ചവർക്ക് ഇത്തവണ സീറ്റ് ലഭിച്ചേക്കില്ല. തിരഞ്ഞെടുക്കുന്ന സ്ഥാനാർത്ഥികളെ നേതാക്കളുമായി ചർച്ച നടത്തിയേ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കൂ.
ഉയരുന്നത് നേതാക്കളുടെ പേരുകൾ
കരുനാഗപ്പള്ളി മണ്ഡലത്തിൽ പരിഗണിക്കുന്നത് രണ്ടുപേരെയാണ്. സി.ആർ. മഹേഷും, ബിന്ദു ജയനും. സർവേയിൽ മറ്റു പേരുകൾ വന്നാൽ ചിത്രം മാറാൻ സാദ്ധ്യതയുണ്ട്. എങ്കിലും മുൻതൂക്കം സി.ആർ. മഹേഷിനാണ്. കൊല്ലത്ത് ഡോ. ശൂരനാട് രാജശേഖരൻ, ബിന്ദു കൃഷ്ണ, സൂരജ് രവി എന്നിവരുടെ പേരുകളാണ് കേൾക്കുന്നത്. കുണ്ടറ പിടിക്കാൻ യുവനേതാവിനെ ഇറക്കണമെന്നാണ് പാർട്ടി ഗൗരവമായി ആലോചിക്കുന്നത്. പി.സി. വിഷ്ണുനാഥിനെ ഇറക്കാനും ആലോചനയുണ്ട്. എന്നാൽ കൊട്ടാരക്കരയിലും വിഷ്ണുനാഥിനെ പരിഗണിക്കുന്നുണ്ട്.
ചാമക്കാല ജ്യോതികുമാർ, ബിന്ദു കൃഷ്ണ എന്നിവരുടെ പേരുകളും കൊട്ടാരക്കര പിടിച്ചെടുക്കാൻ പാർട്ടി പരിഗണിക്കുന്നതായാണ് സൂചന. ചടയമംഗലത്ത് ശക്തമായി ഉയരുന്ന പേര് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റേതാണ്. വിജയ സാദ്ധ്യത കൂടുതലുണ്ടെന്നാണ് സംസാരം. ഇവിടെ എം.എം. നസീറിന്റെ പേരും ഉയരുന്നുണ്ട്.
പത്തനാപുരത്ത് കൂടുതൽ പരിഗണിക്കുന്നത് ജ്യോതികുമാർ ചാമക്കാലയെയാണ്. വിഷ്ണുനാഥിനെ പുനലൂരും പത്തനാപുരത്തും പരിഗണനാ ലിസ്റ്റിലുണ്ട്. വിഷ്ണുനാഥ് മത്സരിച്ചാൽ ഗണേശ് കുമാറിനെ തോൽപ്പിക്കാമെന്നാണ് അഭിപ്രായം. ചാത്തന്നൂരിൽ നെടുങ്ങോലം രഘുവിന്റെ പേരാണ് ശക്തമായിട്ടുള്ളത്. എന്തുതന്നെയായാലും സർവേ ഫലം സ്ഥാനാർത്ഥി നിർണയത്തിൽ നിർണായകമാകുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന.