അർദ്ധരാത്രി പ്രാബല്യത്തിൽ വരും
കൊല്ലം: കൊല്ലം ബൈപ്പാസിൽ നാളെ അർദ്ധരാത്രി മുതൽ ടോൾ പിരിവ് ആരംഭിക്കാനുള്ള ഒരുക്കങ്ങൾ ദേശീയപാത അതോറിറ്റി ഒഫ് ഇന്ത്യ പൂർത്തിയാക്കി. കുരീപ്പുഴ ടോൾ പ്ലാസയിൽ യന്ത്രങ്ങൾ സ്ഥാപിക്കുന്നതിൽ കാലതാമസമുണ്ടായാൽ ടോൾ പിരിവ് ആരംഭിക്കൽ ഓന്നോ രണ്ടോ ദിവസം നീട്ടിയേക്കും.
ഉത്തരേന്ത്യൻ കമ്പനിയാണ് ടോൾ പിരിവിനുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത്. പിരിക്കുന്ന തുകയിൽ ചെറിയൊരു ശതമാനം ഇവർ എടുത്ത ശേഷം ബാക്കി തുക ദേശീയ പാത അതോറിറ്റിക്ക് കൈമാറും. ടോൾ പിരിവിലൂടെ ദേശീയപാത അതോറിറ്റി പ്രതിവർഷം 11.52 കോടി വരുമാനമാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് മാസത്തെ കാലാവധിയിൽ ടോൾ പിരിവിനുള്ള കരാർ പുതുക്കാൻ സാദ്ധ്യതയുണ്ട്.
2019 ജനുവരിയിലാണ് ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. അപ്പോൾ തന്നെ ടോൾ പ്ലാസയും സജ്ജമായിരുന്നു. പക്ഷെ ദേശീയപാത അതോറിറ്റി ടോൾ പിരിവ് സംബന്ധിച്ച് തീരുമാനം അന്ന് എടുത്തിരുന്നില്ല. കഴിഞ്ഞ നവംബർ അവസാനത്തോടെയാണ് ടോൾ പിരിവിനുള്ള ടെണ്ടർ ദേശീയപാത അതോറിറ്റി ക്ഷണിച്ചത്. നൂറ് കോടി രൂപയ്ക്ക് മുകളിൽ ചെലവാകുന്ന എല്ലാ റോഡ് നിർമ്മാണങ്ങൾക്കും ടോൾ ഏർപ്പെടുത്തുന്നതാണ് കേന്ദ്ര നയം. 352 കോടിയാണ് കൊല്ലം ബൈപ്പാസിന്റെ ആകെ നിർമ്മാണ ചെലവ്. ഇതിന്റെ പകുതിവീതം വഹിച്ചത് കേന്ദ്ര - സംസ്ഥാന സർക്കാരുകളാണ്. ബൈപ്പാസിൽ ടോൾ പിരിവ് വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വഹിച്ച തുക വീണ്ടെടുക്കാൻ നിന്നാൽ ടോൾ പിരിവ് രണ്ട് പതിറ്റാണ്ട് നീണ്ടേക്കും.
ബൈപ്പാസ്
നിർമ്മാണ ചെലവ്: 352 കോടി
ഉദ്ഘാടനം: 2019 ജനുവരി
ടോൾ വരുമാനം: 11.52 കോടി (പ്രതിവർഷം)
ടോൾ നിരക്ക്
വാഹനങ്ങളുടെ സ്വഭാവം, ഒരു തവണ കടന്നുപോകുന്നതിന്, തിരിച്ചുള്ള യാത്രയ്ക്കും കൂടി, ഒരുമാസത്തേയ്ക്ക് (50 യാത്ര), ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാണിജ്യ വാഹനങ്ങൾക്ക് ഒരു തവണ
കാർ, ജീപ്പ്, വാൻ തുടങ്ങിയ ചെറിയ വാഹനങ്ങൾ: 25, 35, 780, 10
ചെറിയ വാണിജ്യ, ഗുഡ്സ് വാഹനങ്ങൾ, മിനി ബസ്: 40, 55, 1260, 20
രണ്ട് ആക്സിൽ വരെയുള്ള ട്രക്ക്, ബസ്: 80, 120, 2640, 20
മൂന്ന് ആക്സിൽ വാണിജ്യ വാഹനങ്ങൾ: 85, 130, 2880, 45
നാല് മുതൽ ആറ് വരെ ആക്സിൽ: 125, 185, 4140, 60
ഏഴും അതിൽ അതിൽ കൂടുതലും: 150, 225, 5040, 75
''
ടോൾ പിരിവ് ആരംഭിക്കുന്ന കാര്യം അറിഞ്ഞിട്ടില്ല. ജില്ലാ ഭരണകൂടം, പൊലീസ് എന്നിവർക്ക് അറിയിപ്പ് നൽകിയെന്നാണ് ദേശീയപാത അതോറിറ്റി അധികൃതർ പറയുന്നത്.
ബി. അബ്ദുൽ നാസർ
ജില്ലാ കളക്ടർ