chick
പുന്നല പൂവണ്ണുംമൂട്ടിൽ ഷാജിയുടെ വീട്ടിലെ കോഴികൾ കൂട്ടത്തോടെ ചത്തനിലയിൽ.

പത്തനാപുരം: കിഴക്കൻ മേഖലയിൽ കോഴികൾ കൂട്ടത്തോടെ ചത്ത് വീണു.പക്ഷിപ്പനിയെന്നു സംശയമുയർന്നതോടെ ആശങ്കയിലാണ് കോഴി കർഷകർ. ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലുമായി പുന്നല പൂവണ്ണുംമൂട്ടിൽ ഷാജി, ചാച്ചിപ്പുന്ന സത്താർ മൻസിലിൽ അബ്ദുൾ അസീസ്.പാലമൂട്ടിൽ ഗോപാലൻ,​ നാസർ എന്നിവരുടെ വീടുകളിൽ നൂറിലധികം വളർത്തുകോഴികളാണ് ചത്തത്. വർഷാവർഷങ്ങളിൽ വരാറുള്ള സാധാരണ പനിയെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. എന്നാൽ വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശ പ്രകാരമുള്ള മരുന്ന് നൽകിയെങ്കിലും കോഴികൾ ചത്തതോടെയാണ് പക്ഷിപ്പനിയെന്ന സംശയം ഉയരുന്നത്. വർഷങ്ങൾക്കു ശേഷമാണ് മേഖലയിൽ ഇത്രയധികം കോഴികൾ കൂട്ടത്തോടെ ചാകുന്നത്. പിറവന്തൂർ പഞ്ചായത്തിൽ ചാച്ചിപുന്ന, വാഴങ്ങോട്, തച്ചക്കോട്, ആയിരത്തുമൺ, കടശ്ശേരി,കറവൂർ പ്രദേശങ്ങളിലും കോഴികൾ ചാകുന്നതായി നാട്ടുകാർ പറയുന്നു.പഞ്ചായത്തിൽ തന്നെ നിരവധി കർഷകർ കോഴിഫാമുകൾ നടത്തുന്നുണ്ട്. തമിഴ്നാട്ടിൽ നിന്ന് ലോഡ് കണക്കിന് ഇറച്ചിക്കോഴികളാണ് അതിർത്തി കടന്ന് എത്തുന്നത്. ചെക്ക് പോസ്റ്റുകളിൽ വേണ്ട രീതിയിൽ പരിശോധന നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.ചത്ത കോഴികളുടെ സാമ്പിൾ ശേഖരിച്ച് വിദഗ്ധ പരിശോധനകൾക്ക് അയച്ചതായി മൃഗസംരക്ഷവകുപ്പ് അധികൃതർ അറിയിച്ചു.