കൊല്ലം: ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങിയതോടെ പട്ടിണിയിലേക്ക് വലിച്ചെറിയപ്പെട്ട അലിൻഡിലെ തൊഴിലാളികൾ ഇന്ന് കോടതികൾ കയറിയിറങ്ങുകയാണ്. വിട്ടുവീഴ്ചയില്ലാതെ മാനേജ്മെന്റും കോടതി നടപടികൾക്ക് പിന്നാലെ പോയപ്പോൾ കണ്ണീരണിയുകയാണ് ഒരുകൂട്ടം തൊഴിലാളി കുടുംബങ്ങൾ.
ബോർഡ് ഫോർ ഇൻഡസ്ട്രിയൽ ആൻഡ് ഫിനാൻഷ്യൽ റീകൺസ്ട്രക്ഷനിൽ (ബി.ഐ.എഫ്.ആർ) നിന്നുള്ള 2014ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒരുവിഭാഗം തൊഴിലാളികൾ തൊഴിൽ വകുപ്പിലും വ്യവസായ വകുപ്പിലും നിവേദനം നൽകിയിരുന്നു. 1989 നവംബർ മുതലുള്ള ആനുകൂല്യങ്ങളും 1996 മുതലുള്ള ശമ്പള കുടിശികയും അടിയന്തരമായി നൽകണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. ഇതിന്റെ ഫലമായി തൊഴിൽ പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ 2017ൽ കൊല്ലം റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവായി. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കനായിരുന്നു സർക്കാർ നിർദ്ദേശം.
തൊഴിലാളികളും മാനേജ്മെന്റുമായി റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ ചർച്ച നടത്തി. എന്നാൽ ഒത്തുതീർപ്പിന് സഹകരിക്കാത്ത മാനേജ്മെന്റ് അലിൻഡിൽ ഉത്പാദനം നിറുത്തിവച്ചിരിക്കുകയാണെന്നും ആനുകൂല്യങ്ങൾക്കായി തൊഴിലാളികൾ നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും നിലപാടെടുത്തു. അതേസമയം, നിയമക്കുരുക്കിൽ നിന്ന് ഒഴിവാക്കണമെന്നും ആർബിട്രേറ്ററെ നിയമിച്ച് സമയബന്ധിതമായി പരിഹാരം കാണണമെന്നുമായിരുന്നു തൊഴിലാളികളുടെ ആവശ്യം. ചർച്ചയുടെ അടിസ്ഥാനത്തിൽ ആർബിട്രേറ്ററെ നിയമിക്കുന്നതിന് റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ സർക്കാരിനോട് ശുപാർശ ചെയ്തു.
2018 നവംബർ 13ന് സർക്കാർ അലിൻഡിലെ തൊഴിൽ തർക്കം കൊല്ലം ലേബർ കോടതിയുടെ പരിഗണനയ്ക്ക് വിട്ടു. എന്നാൽ അലിൻഡ് മാനേജ്മെന്റ് കേരള ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ലേബർ കോടതി നടപടികൾ സ്റ്റേ ചെയ്യപ്പെട്ടു. ഇതേതുടർന്ന് 2019 സെപ്തംബറിൽ ആർബിട്രേറ്ററെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ ഹൈക്കോടതി മുൻപാകെ ഹർജി സമർപ്പിച്ച് കാത്തിരിക്കുകയാണ്.