raj
കോളിഫ്ളവർ കൃഷിയിടത്തിൽ രാജേഷ്

കൊല്ലം : കോളിഫ്ലവറും കാബേജും ജൈവ കൃഷിയിലൂടെ കൊല്ലത്തിന്റെ മണ്ണിലും വിളയുമെന്ന് കാട്ടി മാതൃകയാവുകയാണ് കൊല്ലം എ.ആർ ക്യാമ്പിലെ പൊലീസുകാരനായ രാജേഷ്. ഉളിയക്കോവിൽ, വൈദ്യശാല നഗർ 35ൽ താമസിക്കുന്ന രാജേഷ് തന്റെ അൻപത് സെന്റ് സ്ഥലത്ത്‌ മുന്നൂറ് മൂട് കോളിഫ്ലവറാണ് വിളയിച്ചെടുത്തത്. സീസണനുസരിച്ച് നടത്തുന്ന കൃഷിയിൽ കാബേജും വിളയിക്കാറുണ്ട്. ഒക്ടോബർ മുതൽ ജനുവരി വരെയാണ് കോളിഫ്ലവർ കൃഷിക്ക് അനുയോജ്യമായ സമയമെന്ന് രാജേഷ് പറയുന്നു. വിത്തുപാകുമ്പോൾ ആദ്യഘട്ടമായി ചാണകം, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ ഇടുമെങ്കിലും തുടർന്ന് അടുക്കള മാലിന്യം മാത്രമാണ് വളമായി ഉപയോഗിക്കുന്നതത്രേ. കഞ്ഞിവെള്ളം പുളിപ്പിച്ച് ചുവട്ടിൽ ഒഴിക്കുകയാണ് കൂടുതലായും ചെയ്യുന്നത്. ഇപ്പോൾ വിളവെടുക്കാൻ പാകമായ കോളിഫ്ലവറിന് ശരാശരി 800 മുതൽ 850 ഗ്രാം വരെ തൂക്കമുണ്ട്. ചെറിയ രീതിയിൽ വിനോദത്തിനായി തുടങ്ങിയതാണ് കൃഷിയെങ്കിലും പിന്നീടത് വ്യാപിപ്പിക്കുകയായിരുന്നു. ഇതോടൊപ്പം മുളക്, വെണ്ട, വഴുതന, തക്കാളി എന്നിവയും കൃഷി ചെയ്യുന്നുണ്ട്.