bypass

 ടോൾ പിരിവിനെതിരെ നേതാക്കളും

കൊല്ലം: കൊല്ലം ബൈപ്പാസിലെ ടോൾ പിരിവിനെതിരെ പ്രതിഷേധം കനക്കുന്നു. വരും ദിവസങ്ങളിൽ കുരീപ്പുഴ ടോൾ പ്ലാസ കേന്ദ്രീകരിച്ച് സമരം ശക്തമാകാനാണ് സാദ്ധ്യത. ഈ വിഷയത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ പ്രതികരിക്കുന്നു.

''

ടോൾ പിരിവ് നീതീകരിക്കാനാകില്ല

ടോൾ പിരിവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ നിവേദനം നൽകി. ആറുവരിപ്പാത ആയാലേ ബൈപ്പാസ് പൂർത്തിയാകൂ. അതിന് മുൻപ് ടോൾ പിരിക്കുന്നത് നീതീകരിക്കാനാകില്ല. പകുതി പണം സംസ്ഥാന സർക്കാരാണ് വഹിച്ചത്. ടോൾ പിരിക്കേണ്ടെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ഇത് അവഗണിച്ചാണ് കേന്ദ്ര ഉപരിതല മന്ത്രാലയം ടോൾ പിരിവുമായി മുന്നോട്ടുപോകുന്നത്. 2022 ഓടുകൂടി ടോൾ രഹിത ഹൈവേകളുണ്ടാകുമെന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞത്. പിന്നെന്തിനാണ് ഇപ്പോൾ കൊല്ലത്ത് ടോൾ പിരിവ് ആരംഭിക്കുന്നത്.

എൻ.കെ. പ്രേമചന്ദ്രൻ എം.പി

''

അങ്ങേയറ്റം ജനദ്രോഹം

ബൈപ്പാസിൽ ടോൾ പിരിക്കാനുള്ള തീരുമാനം അങ്ങേയേറ്റം ജനദ്രോഹമാണ്. ജനങ്ങളുടെ പണം ഉപയോഗിച്ചാണ് ബൈപ്പാസ് നിർമ്മിച്ചത്. അതിന്റെ പേരിൽ ജനങ്ങളിൽ നിന്ന് പണം കൊള്ളയടിക്കുന്നത് അംഗീകരിക്കില്ല. ഇക്കാര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഒരുപോലെ കുറ്റക്കാരാണ്. ടോൾ പിരിവ് എത്രയും വേഗം പിൻവലിക്കണം.

ബിന്ദു കൃഷ്ണ

ഡി.സി.സി പ്രസിഡന്റ്

''

കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരും

44 വർഷം ചുവപ്പ് നാടയിൽ കുരുങ്ങിക്കിടന്ന കൊല്ലത്തുകാരുടെ ചിരകാല അഭിലാഷമായ ബൈപ്പാസ് പൂർത്തിയാക്കിയത് നരേന്ദ്രമോദി സർക്കാരാണ്. മുൻ സർക്കാരുകൾ തുടർന്ന് വന്ന ടോൾ പിരിവ് ഇപ്പോൾ ദേശീയ ഉപരിതല ഗതാഗത മന്ത്രാലയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്നു. ടോൾ നിരക്ക് ജനങ്ങൾക്ക് അമിതഭാരമാണെന്ന് പരാതി വന്നാൽ അക്കാര്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ശ്രദ്ധയിലെത്തിക്കും.

മന്ദിരം ശ്രീനാഥ്

ബി.ജെ.പി ജില്ലാ ട്രഷറർ