കരുനാഗപ്പള്ളി: സാമുദായിക ശക്തി സമാഹരണത്തിലൂടെ മാത്രമേ സാമൂഹ്യനീതി കൈവരിക്കാൻ കഴിയുകയുള്ളൂവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ ഇരുപത്തഞ്ച് വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി കരുനാഗപ്പള്ളി യൂണിയൻ സംഘടിപ്പിച്ച സിൽവർ ജൂബിലി ആഘോഷം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബ്ദമില്ലാത്തവന്റെ ശബ്ദം ലോകത്തെ അറിയിക്കാൻ യോഗ നേതൃത്വത്തിന് കാൽ നൂറ്റാണ്ടുകൊണ്ട് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ വോട്ട് ബാങ്ക് തേടി പോയപ്പോൾ ആദർശ രാഷ്ട്രീയം തകന്നടിഞ്ഞു. മാറി മാറി അധികാരത്തിൽ വന്ന മുന്നണികൾ ഈഴവ സമുദായത്തെ എല്ലാ മേഖലകളിലും അവഗണിച്ചു. ആർ. ശങ്കറിന് ശേഷം വിദ്യാഭ്യാസ മേഖലയിൽ ഈഴവർക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാതിയിൽ അധിഷ്ഠിതമായ നിയമങ്ങളും ചട്ടങ്ങളും നിലനിൽക്കുന്ന രാജ്യത്ത് ജാതി പറയാതെ മുന്നോട്ട് പോകാൻ ആർക്കും കഴിയുകയില്ല. സമുദായത്തിന്റെ പിൻബലത്തിൽ രാഷ്ട്രീയ പാർട്ടികൾ രൂപീകരിച്ച ന്യൂനപക്ഷ സമുദായങ്ങൾ അധികാരത്തിന്റെ അകത്തളങ്ങളിൽ സ്വാധീനം ഉറപ്പിച്ചു. എസ്.എൻ.ഡി.പി യോഗം നിലവിൽ സമുദായത്തിനകത്തുനിന്നും വലിയ വെല്ലുവിളികൾ നേരിടുകയാണ്. സമുദായത്തിന്റെ ഐക്യവും ശക്തിയും തകർക്കാനുള്ള ഗൂഢശ്രമങ്ങൾ തല്പരകക്ഷികൾ നടത്തുന്നു. സമുദായത്തെ സംരക്ഷിക്കാൻ ഈഴവ സമൂഹം ശക്തമായ പ്രതിരോധനിര തീർത്ത് യോഗത്തിന് പിന്നിൽ അണിനിരക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർത്ഥികൾക്കുള്ള മെരിറ്റ് അവാർഡുകൾ ആർ.രാമചന്ദ്രൻ എം.എൽ.എ വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. യോഗം ബോർഡ് മെമ്പർമാരായ കെ.പി.രാജൻ, കെ.ജെ. പ്രസേനൻ, എസ്. സലിംകുമാർ, യൂണിയൻ കൗൺസിലർമാരായ എം. രാധാകൃഷ്ണൻ, ഡോ. കെ. രാജൻ, ജി. ശ്രീകുമാർ, എൻ. ബാബു, കെ. സദാനന്ദൻ, പി.ഡി. രഘുനാഥൻ, അഡ്വ. എൻ. മധു, വനിതാ യൂണിയൻ സെക്രട്ടറി ബി. മധുകുമാരി, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് നീലികുളം സിബു, ടി.ഡി. ശരത്ത് ചന്ദ്രൻ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി എ. സോമരാജൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ നന്ദിയും പറഞ്ഞു.