toll

കൊല്ലം: കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ് ഇടിമിന്നൽ പോലെ ഏത് നിമിഷവും തുടങ്ങും. ഇന്നലെ അർദ്ധരാത്രി മുതൽ ആരംഭിക്കാനാണ് ആലോചിച്ചിരുന്നെങ്കിലും യന്ത്രങ്ങൾ പൂർണമായും സ്ഥാപിക്കാത്തതിനാൽ തീരുമാനം മാറ്റിയതായി ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു.

പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നുള്ളതിനാൽ മുന്നറിയിപ്പുകളില്ലാതെ എല്ലായിടത്തും മിന്നൽ പോലെയാണ് ടോൾ പിരിവ് സാധാരണ ആരംഭിക്കാറുള്ളത്. അത്തരത്തിൽ തന്നെയാകും കൊല്ലം ബൈപ്പാസിൽ. വാഹനങ്ങൾ തിരിച്ചറിയാനുള്ള ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഇനി സ്ഥാപിക്കാനുള്ളത്.

ഉത്തരേന്ത്യൻ കമ്പനിയാണ് ടോൾ പിരിവിനുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത്. പിരിക്കുന്ന തുകയിൽ ചെറിയൊരു ശതമാനം ഇവർ എടുത്ത ശേഷം ബാക്കി തുക ദേശീയപാത അതോറിറ്റിക്ക് കൈമാറും. ടോൾ പിരിവിലൂടെ ദേശീയപാത അതോറിറ്റി പ്രതിവർഷം 11.52 കോടി വരുമാനമാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് മാസത്തെ കാലാവധിയിൽ ടോൾ പിരിവിനുള്ള കരാർ പുതുക്കാൻ സാദ്ധ്യതയുണ്ട്.