pho
ആര്യങ്കാവ്പഞ്ചായത്തിലെ അച്ചൻകോവിൽ കുംഭാവുരുട്ടി വെളളച്ചാട്ടം(ഫയൽ-ചിത്രം)

പുനലൂർ: വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിച്ചിരുന്ന കുംഭാവുരുട്ടി വെളളച്ചാട്ടം തുറന്ന് പ്രവർത്തിച്ചിട്ട് രണ്ട് വർഷം പിന്നിടുന്നു. ചെങ്കോട്ട-അച്ചൻകോവിൽ വനപാതയിൽ നിന്നും നാല് കിലോമീറ്റർ ഉൾവനത്തിൽ സ്ഥിതി ചെയ്യുന്ന കുംഭാവുരുട്ടി വെളളച്ചാട്ടം രണ്ട് വർഷം മുമ്പുണ്ടായ കാലവർഷത്തിൽ ഉരുൾ പൊട്ടി നശിച്ചിരുന്നു. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മല വെളളപ്പാച്ചിലിൽ കൂറ്റൻ പാറകല്ലുകളും വൃക്ഷങ്ങളും ഒഴുകിയെത്തി വെളളച്ചാട്ടം രണ്ട് വർഷം മുമ്പ് അപകട മേഖലയായി മാറുകയായിരുന്നു. തുടർന്ന് വനം സംരക്ഷണ സമിതിയുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചു വന്ന കുംഭാവുരുട്ടി വെളളച്ചാട്ടം അധികൃതർ അടച്ച് പൂട്ടുകയായിരുന്നു. ഇതിനിടെ അനധികൃതമായി വെളളച്ചാട്ടത്തിൽ കുളിക്കാനെത്തിയ രണ്ട് വിദ്യാർത്ഥികൾ പാറക്കെട്ടിനുളളിലെ വെളളത്തിൽ മുങ്ങി മരിച്ചതോടെ ജലപാതം പിന്നീട് തുറന്ന് പ്രവർത്തിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല.

നവീകരണവും ഉപേക്ഷിച്ചു

ജലപാതത്തിനരികിൽ രൂപപ്പെട്ട കുഴികളും മറ്റും ഒഴുവാക്കി വിനോദ സഞ്ചാരകേന്ദ്രം നവീകരിക്കാൻ പദ്ധതികൾ തയ്യാറാക്കിയെങ്കിലും അധികൃതർ ഉപേക്ഷിക്കുകയായിരുന്നു.കുംഭാവുരുട്ടി കാണാനും കുളിക്കാനും ദിവസവും നൂറ്കണക്കിന് വിനോദ സഞ്ചാരികളായിരുന്നു എത്തിക്കൊണ്ടിരുന്നത്. പാറക്കെട്ടുകളിൽ നിന്നും 250 അടി ഉയരത്തിൽ ഒഴുകിയെത്തുന്ന മല വെളളം വിവിധ തട്ടുകളായാണ് കുളിക്കടവിൽ എത്തുന്നത്. ഇതിന്റെ അടിയിൽ നിന്ന് കുളിച്ചാൽ രോഗങ്ങൾ ഭേദമാകുമെന്നാണ് തമിഴ്നാട്ടുകാരുടെ വിശ്വാസം. ഔഷധ മൂല്യമുളള വെളളമാണ് മല മുകളിൽ നിന്ന് ഒഴുകിയെത്തുന്നതെന്നാണ് അവർ പറയുന്നത്.

ദിവസും 1.50ലക്ഷം രൂപ വരുമാനം

വിനോദ സഞ്ചാരികൾക്ക് പാസുകളും മറ്റും വിൽപ്പന നടത്തിയ ഇനത്തിൽ ദിവസും 1.50ലക്ഷം രൂപ വരെ വനം വകുപ്പിന് വരുമാനമായി ലഭിച്ചിരുന്നു.എല്ലാ വർഷവും മെയ്മാസത്തിൽ ആരംഭിക്കുന്ന സീസൺ ഒക്ടോബർ വരെ തുടരും. ഇത്തരത്തിൽ കോടികളായിരുന്നു വനം വകുപ്പിന് വരുമാനമായി ലഭിച്ചിരുന്നത്. ഇത് നിലച്ചതോടെ കുംഭാവുരുട്ടിയിൽ ജോലി ചെയ്തു വന്നിരുന്ന 70ഓളം പുരുഷ ,വനിത ഗൈഡുകളും, കച്ചവടക്കാരുമടങ്ങുന്ന 150 ഓളം കുടുംബങ്ങളും പട്ടിണിയിലാണ്.ആര്യങ്കാവ്പഞ്ചായത്തിലെ രണ്ട് പഞ്ചായത്തുകൾ ഉൾപ്പെട്ട അച്ചൻകോവിൽ നിവാസികളുടെ ഏറ്റവും വലിയ വരുമാന മാർഗമാണ് ജലപാതം അടച്ച് പൂട്ടിയതോടെ നഷ്ടപ്പെട്ടിരിക്കുന്നത്.വനം വകുപ്പ് ഉദ്യോഗസ്ഥർ മനസ് വച്ചാൽ പുതിയ പദ്ധതി തയ്യാറാക്കി ജലപാതം തുറന്ന് നൽകാൻ കഴിയുമെന്നാണ് പ്രദേശവാസികൾ പ്രതീക്ഷിക്കുന്നത്.