പത്തനാപുരം: ഗാന്ധിഭവൻ ഇന്ന് കല്ല്യാണത്തിരക്കിലാണ്. ഗാന്ധിഭവൻ കുടുംബത്തിലെ ഷാലിമ വിവാഹിതയാകുന്നു. പത്തനാപുരം പാതിരിക്കൽ നെടുമുരുപ്പ് അജ്മൻ മൻസിലിൽ നാസറിന്റെയും ഉമൈബ ബീവിയുടെയും മകൻ എൻ. അജ്മൽ ആണ് വരൻ. ഉച്ചക്ക് 11.30നും 12നുമിടക്ക് ഇടത്തറ ജുമാ മസ്ജിദിലാണ് നിക്കാഹ്. തുടർന്നുള്ള ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഗാന്ധിഭവനിൽ നടക്കും.
തിരുവനന്തപുരം ഇടവ വെൺകുളം പോട്ടക്കുളം സൽമ മൻസിലിൽ സീനത്തിന്റെ മകളാണ് ഷാലിമ. സീനത്തിന്റെ ഭർത്താവ് വർഷങ്ങൾക്കു മുമ്പ് കുടുംബത്തെ ഉപേക്ഷിച്ചു പോയി. എട്ട് വർഷം മുമ്പ് തലച്ചോറിൽ ട്യൂമർ ബാധിച്ച് സീനത്ത് കിടപ്പിലായതോടെ ഇവരെ സംരക്ഷിക്കാൻ ആരുമില്ലാതായി. ഷാലിമ പത്താം ക്ലാസ് വിജയിച്ച് ഫാഷൻ ഡിസൈനിംഗ് പഠിക്കുമ്പോഴാണ് സീനത്ത് കിടപ്പിലായത്. 2018 ൽ സീനത്തിന്റെയും ഷാലിമയുടെയും സംരക്ഷണം ഗാന്ധിഭവൻ ഏറ്റെടുത്തു. ഏറെ അവശനിലയിലായിരുന്ന സീനത്ത് വിടപറഞ്ഞതോടെ ഷാലിമക്ക് ഗാന്ധിഭവന്‍ മാത്രമായി ആശ്രയം. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന്റെയും ഭാര്യ പ്രസന്നയുടെയും മകളായി വളർന്ന ഷാലിമയ്ക്ക് മികച്ച പഠനസൗകര്യവും സംരക്ഷണവും നല്കി. ഗാന്ധിഭവനിലെ സന്ദർശകരെ സ്വീകരിക്കാനും ഓഫിസ് കാര്യങ്ങളിലും മറ്റ് സേവന പ്രവർത്തനങ്ങളിലും സജീവവുമായിരുന്നു ഷാലിമ.