photo
ഓട നിർമ്മാണത്തിന്റെ ഭാഗമായി മന്ദിരം ജംഗ്ഷന് തെക്കുവശമുള്ള റോഡ് വെട്ടിപ്പൊളിച്ച നിലയിൽ

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം തൊടിയൂർ 424-ാം നമ്പർ ശാഖയ്ക്കും ഗുരുക്ഷേത്രത്തിനും തെക്ക് വശത്ത് കൂടി കടന്ന് പോകുന്ന റോഡിന്റെ വശത്ത് അശാസ്ത്രീയമായി നിർമ്മിക്കുന്ന ഓടയുടെ നിർമ്മാണം പൂർണമായും ഉപേക്ഷിക്കണമെന്ന് ശാഖാ യോഗം കമ്മിറ്റി ആവശ്യപ്പെട്ടു. ഓടയിലൂടെ ഒഴുകി എത്തുന്ന മലിന ജലം ഗുരുക്ഷേത്രിന്റെ തൊട്ട് പിന്നിലുള്ള മന്ദിരം കുളത്തിലേക്ക് ഒഴുക്കിവിടാനാണ് ബന്ധപ്പെട്ടവർ ശ്രമിക്കുന്നത്. ഇതിനായി പ്രധാന റോഡ് വെട്ടിമുറിച്ച് ഇട്ടിരിക്കുകയാണ്. നാട്ടുകാർ തടഞ്ഞതിനെ തുടർന്നാണ് നിർമ്മാണം പ്രവർത്തനങ്ങൾ നിറുത്തി വെച്ചത്. ഗുരുക്ഷേത്രത്തിലും കുളത്തിന്റെ വടക്കതിൽ ദേവീ ക്ഷേത്രത്തിലും എത്തുന്ന ഭക്തർ കുളത്തിലിറങ്ങി ശരീരം ശുദ്ധി വരുത്തിയ ശേഷമാണ് തൊഴാനായി പോകുന്നത്. പഞ്ചായത്ത് കുളമാണെങ്കിൽ പോലും കുളത്തിന്റെ വശത്ത് ശാഖയാണ് കൽപ്പടവുകൾ നിർമ്മിച്ചിരിക്കുന്നത്. നാട്ടുകാർക്ക് പ്രയോജനമില്ലാത്ത ഓട മന്ദിരം കുളവുമായി ബന്ധിപ്പിക്കാനുള്ള നീക്കത്തെ നാട്ടുകാരുടെ സഹകരണത്തോടെ തടയാൻ യോഗം തീരുമാനിച്ചു. ശാഖാ പ്രസിഡന്റ് പ്രൊഫ. കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ശിവപ്രസാദ്, യൂണിയൻ കമ്മിറ്റി അംഗം രാമദാസ്, വൈസ് പ്രസിഡന്റ് സുരേഷ്, കമ്മിറ്റി അംഗങ്ങളായ കൃഷ്ണകുമാർ, ശോഭനൻ, സുദേവൻ, വിജയൻ, ഹരിലാൽ എന്നിവർ സംസാരിച്ചു.