പുനലൂർ:കാൻസർ ചികിത്സയ്ക്ക് വകയില്ലാതെ ബുദ്ധി മുട്ടുന്ന വീട്ടമ്മയ്ക്ക് പുനലൂരിലെ ജനമൈത്രി പൊലീസിന്റെ സഹായം. വാട്സ് ആപ്പ് കൂട്ടായ്മയിലൂടെയാണ് ജനമൈത്രീ പൊലീസ് മൂന്ന് മക്കളുടെ മാതാവും രോഗിയുമായ വീട്ടമ്മയുടെ ദയനീയ സ്ഥിതി അറിയുന്നത്.പുനലൂർ നഗരസഭയിലെ ചാലക്കോട് റേഡിയോ മുക്കിൽ വാടകക്ക് താമസിക്കുന്ന കാൻസർ രോഗിയായ സുനിതയ്ക്കാണ് ധനസഹായം നൽകിയത്. കൂലിപ്പണിക്കാരനായ ഭർത്താവിന് വെട്ടിതിട്ടയിലെ പച്ചക്കറി കടയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വേതനം ഉപയോഗിച്ചാണ് സുനിതയുടെ കുടുംബം പുലരുന്നത്. ചികിത്സാച്ചെലവ് ഈ കുടുംബത്തിന് താങ്ങാവുന്നതിനുമപ്പുറമാണ്. സുനിതയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കിയ ജനമൈത്രീ പൊലീസ് സി.ആർ.ഒ.അനിൽകുമാർ സ്വരൂപിച്ച പണവും ഭക്ഷ്യ ധാന്യങ്ങളുമാണ് സൈക്കോളജിസ്റ്റ് ഡോ.ആനന്ദിന്റെ നേതൃത്വത്തിൽ സുനിതയുടെ കുടുംബത്തിന് നൽകിയത്.ജനമൈത്രി സുരക്ഷാ സമിതി അംഗങ്ങളായ ഐക്കര ബാബു, ബിജുകുമാർ,ഷിബു റോസ്മല, ജാസ്മീൻ തുടങ്ങിയവും ധന സഹായവിതരണ ചടങ്ങിൽ പങ്കെടുത്തു.