thenmala-photo
ഇക്കോ ടൂറിസത്തിലെ ബോട്ട് സവാരി

തെന്മല: തെന്മല ഇക്കോടൂറിസം പദ്ധതി വികസനമില്ലാതെ അവഗണനയുടെ പാതയിൽ. പദ്ധതിയുടെ ഹെഡ് ഓഫീസ് 75 കിലോമീറ്റർ അകലെ തിരുവനന്തപുരത്തായതാണ് തെന്മലയുടെ വികസനം മുരടിപ്പിക്കുന്നതിന്റെ പ്രധാന കാരണമെന്ന് ആക്ഷേപമുണ്ട്. 20 വർഷം മുൻപ് ആരംഭിച്ച പദ്ധതിയിൽ അര ലക്ഷത്തോളം രൂപ വാടകയിനത്തിൽ മാത്രം നൽകുന്നതടക്കം മാസം തോറും ലക്ഷങ്ങൾ പാഴാക്കിയാണ് തിരുവനന്തപുരത്ത് ഹെഡ് ഓഫീസ് പ്രവർത്തിക്കുന്നത്. ഇതിനു ശേഷം സംസ്ഥാനത്ത് ആരംഭിച്ച ഇക്കോടൂറിസം പദ്ധതികളെല്ലാം അതാത് മേഖലകളിൽ തന്നെഹെഡ് ഓഫീസ് പ്രവർത്തിച്ച് ടൂറിസ്റ്റുകളിൽ നിന്ന് ചെറിയ ഫീസുകൾ വാങ്ങി വർഷം കോടികളുടെ വരുമാനവും ഒപ്പം തദ്ദേശീയ വികസനവുമാണ് ഉണ്ടാക്കുന്നത്. തെന്മലയിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച നിരവധി കെട്ടിടങ്ങൾ ഒഴിഞ്ഞ് കിടക്കുമ്പോഴാണ് ഒരു ഉദ്യോഗസ്ഥനും രണ്ട് മൂന്ന് ജീവനക്കാർക്കും വേണ്ടി മാത്രം തിരുവനന്തപുരത്ത് അരലക്ഷത്തോളം വാടക നൽകി ഓഫീസിനായി കെട്ടിടമെടുത്തിരിക്കുന്നത്.

വികസന പ്രവർത്തനങ്ങൾ പരിമിതം

തെന്മല ഇക്കോ ടൂറിസം പദ്ധതിയിൽ നിന്ന് സീസണിൽ ഓരോമാസവും ഇരുപത് മുതൽ ഇരുപത്തിയഞ്ച് ലക്ഷം രൂപ വരെയും ഓഫ് സീസണിൽ ശരാശരി പത്ത് മുതൽ പതിനഞ്ച് ലക്ഷം രൂപയോളവും മാസവരുമാനമുണ്ട്. എന്നാൽ പണം വരുന്നതല്ലാതെ വികസന പ്രവർത്തനങ്ങൾ പരിമിതമാണ്.
തെന്മല ഇക്കോ ടൂറിസം പദ്ധതിക്ക് മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള വിഭവങ്ങൾ മാത്രമാണ് ഉള്ളത്.
കൂടുതൽ സഞ്ചാരികൾ എത്തുന്നതിനുള്ള യാതൊരു പരസ്യ -പ്രചാരണ പ്രവർത്തനങ്ങളും നടത്തുന്നില്ല.

മൗണ്ടൻ ബൈക്കിങ്, റിവർ ക്രോസിംഗ് .മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ, ലൈറ്റ് ആൻഡ് ഷോ, വന്യമൃഗങ്ങളെ കണ്ടു കൊണ്ടുള്ള ഉല്ലാസ ബോട്ട് സവാരി, മാൻ പുനരധിവാസ പാർക്ക് എന്നിവയെ കൂടുതൽ വാണിജ്യ താല്പര്യത്തോടെ പരിപോഷിപ്പിക്കാവുന്നതാണ്.

തെന്മല

മെക്സിക്കൻ പരിസ്ഥിതി ശാസ്ത്രജ്ഞന്റെ പ്രകൃതിയോട് സംവേദിക്കുക എന്ന ആശയത്തിന്റെ ഒരു ആവിഷ്കാരമാണ് തെന്മല ഇക്കോടൂറിസം പദ്ധതി. കോൺക്രീറ്റ് സംസ്കാരങ്ങളിൽ നിന്നും മോചിതമായി ഏതാനും ദിവസങ്ങളോ കുറച്ച് മണിക്കൂറുകളോ നല്ല വായു ശ്വസിച്ച് പകരം വയ്ക്കാനാവാത്ത അനുഭവവുമായി മടങ്ങി പോകാവുന്ന ഒരു സംരംഭമാണ് തെന്മലയിലേത്.