c
കോളേജ് ജംഗ്ഷൻ - കർബല റോഡിൽ നിരത്തിയിട്ടിരിക്കുന്ന മെറ്റൽ, മണൽക്കൂനകൾ

കൊല്ലം: കോളേജ് ജംഗ്ഷൻ - കർബല റോഡിൽ പലയിടങ്ങളിലായി നിരത്തിയിട്ടിരിക്കുന്ന മെറ്റൽ, മണൽക്കൂനകൾ അപകടങ്ങൾ പതിവാക്കുന്നു. നാല് ദിവസം മുൻപ് മണൽക്കൂനയിൽ തട്ടി വീണ് അപകടത്തിൽപ്പെട്ട പ്രദേശവാസി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. നടപ്പാതയിൽ ഇന്റർലോക്ക് പാകാനും കൈവരി സ്ഥാപിക്കാനുമാണ് മെറ്റലും മണലും ഇറക്കിയത്. എന്നാൽ ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അനന്തമായി നീണ്ടുപോയതാണ് പ്രശ്നമായത്. രണ്ടാഴ്ച മുൻപ് ഇവിടെയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ പട്ടത്താനം സ്വദേശിയുടെ കാലൊടിഞ്ഞിരുന്നു. എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

കാൽനടയാത്രക്കാർ വർദ്ധിച്ചു

രണ്ടാഴ്ച മുൻപ് വരെ കാൽനടയാത്രക്കാർ കുറവായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതോടെ നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഇതുവഴി കടന്നുപോകുന്നത്. നടപ്പാതയിൽ നിർമ്മാണം നടക്കുന്നതിനാൽ വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും റോഡിന്റെ വക്കിലൂടെയാണ് സഞ്ചരിക്കുന്നത്. മണൽക്കൂനകളിൽ തട്ടി നിയന്ത്രണം വിടുന്ന വാഹനങ്ങൾ വിദ്യാർത്ഥികൾക്കിടയിലേക്ക് ഇടിച്ചുകയറുമെന്ന ആശങ്കയും പ്രദേശവാസികൾ പങ്കുവയ്ക്കുന്നു.

തെരുവ് വിളക്കുകൾ പ്രകാശിക്കുന്നില്ല

രാത്രികാലങ്ങളിൽ ഇവിടെ തെരുവ് വിളക്കുകൾ പ്രകാശിക്കാറില്ലെന്ന് യാത്രക്കാർ പറയുന്നു. അടുത്തെത്തുമ്പോൾ മാത്രമാണ് മെറ്റൽ, മണൽക്കൂനകൾ വാഹനയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. പതിവായി അപകടത്തിൽപ്പെടുന്നവയിൽ കൂടുതലും ഇരുചക്രവാഹനങ്ങളാണ്.