photo
ഉപ്പ് വെള്ളം കയറിയതിനെ തുടർന്ന് മത്സ്യകൃഷി നശിച്ച കുളം.

കരുനാഗപ്പള്ളി: വേലിയേറ്റ സമയങ്ങളിൽ കായലിൽ നിന്ന് ഉപ്പ് വെള്ളം കയറി ഇടവിള കൃഷിയും മത്സ്യകൃഷിയും നശിക്കുന്നു. ടി.എസ് കനാലിന്റെ പടിഞ്ഞാറ് വശങ്ങളിലുള്ള പ്രദേശങ്ങളിലാണ് കൃഷിനാശം വ്യാപകമാകുന്നത്. കടലിൽ നിന്നും വേലിയേറ്റ സമയങ്ങളിൽ ടി.എസ് കനാലിലൂടെ ഉപ്പ് വെള്ളം കരയിലേക്ക് ഇരച്ച് കയറുന്നതാണ് കൃഷി നാശത്തിന് കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു. . അർദ്ധരാത്രിക്ക് ശേഷം ആരംഭിക്കുന്ന വേലിയേറ്റം പുലർച്ചയോടെയാണ് അവസാനിക്കുന്നത്. അപ്പോഴേക്കും ഉപ്പ് വെള്ളം കൃഷിയിടങ്ങളിൽ പൂർണമായും കയറിയിറങ്ങും.

മത്സ്യക്കൃഷിയ്ക്കും നാശം

ടി.എസ് കനാലിന് പടിഞ്ഞാറ് ഭാഗത്തുള്ള കൃഷിയിടങ്ങളെല്ലാം നിലവിൽ ഉപ്പ് വെള്ളക്കെട്ടാണ്. കുഴിത്തുറ പട്ടശ്ശേരിൽ അജിത്തിന്റെ ഇടവിള കൃഷിയും മത്സ്യകൃഷിയും പൂർണമായും നശിച്ചു. വിളവെടുക്കാൻ പാകമായ ടൺ കണക്കിന് മത്സ്യങ്ങളാണ് ഉപ്പ് വെള്ളം കയറിയതിനെ തുടർന്ന് ചത്തു പൊങ്ങിയത്. 50 സെന്റ് വിസ്തൃതിയുള്ള കുളത്തിലാണ് മത്സ്യകൃഷി നടത്തിയിരുന്നത്. ഫിഷറീസ് വകുപ്പിൽ നിന്നും ലഭിച്ച കട്ട്ല, രോഗു, തിലോപ്പിയ എന്നീ മത്സ്യങ്ങളാണ് കൃഷിക്കായി ഇറക്കിയത്. ഉപ്പ് വെള്ളത്തിലും നല്ല വെള്ളത്തിലും വളരുന്ന മത്സ്യമാണ് തിലോപ്പിയ.കുളത്തിൽ വേലിയേറ്റ സമയത്ത് ഉപ്പ് വെള്ളം കയറിയതിനെ തുടർന്ന് കട്ടലയും രോഗുവും പൂർണ്ണമായും നശിച്ചു. 3 ലക്ഷം രൂപായുടെ നഷ്ടം സംഭവിച്ചതായി അജിത്ത് പറഞ്ഞു.

കായൽ തീരങ്ങളിൽ നിർമ്മിച്ചിരിക്കുന്ന കരിങ്കൽ ഭിത്തിയുടെ മീതേയാണ് ഉപ്പ് വെള്ളം കരയിലേക്ക് കയറുന്നത്.

ജലനിരപ്പിൽ നിന്നും ഒരു മീറ്റർ പൊക്കത്തിലാണ് നിലവിലുള്ള തീര സംരക്ഷണ ഭിത്തി നിർമ്മിച്ചിരിക്കുന്നത്. വേലിയേറ്റത്തെ തടഞ്ഞ് നിർത്തണമെങ്കിൽ ജലനിരപ്പിൽ നിന്ന് ഒന്നര മീറ്ററെങ്കിലും ഉയരത്തിൽ സംരക്ഷണ ഭിത്തി കെട്ടണം. ആലപ്പാട്ട് കൃഷി നശിക്കുന്നതിന്റെ പ്രധാന കാരണം ഉപ്പ് വെള്ളം കയറുന്നതാണ്. ഇതിന് ശാശ്വതമായ പരിഹാരം കാണാതെ ഇവിടെ കൃഷി ഇറക്കാൻ കഴിയില്ല.

ആനന്ദൻ ,പൊതു പ്രവർത്തകൻ