home
കരവാളൂർ പഞ്ചായത്തിലെ പെയ്ക മുക്കിൽ കനത്ത മഴയിൽ നിലംപതിച്ച വീട്.

പുനലൂർ : കനത്ത മഴയിൽ വീടിന്റെ മേൽക്കൂരയും മൺഭിത്തിയും തകർന്നുവീണ് ഉറങ്ങികിടന്ന വീട്ടമ്മയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.കരവാളൂർ പഞ്ചായത്തിലെ പൊയ്ക മുക്ക് ഉണ്ണിക്കുന്ന് ലക്ഷം വീട്ടിൽ ഭാസുര(60)യുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.ഇവർ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.തലയ്ക്ക് എട്ട് തുന്നലും കാലിന് പൊട്ടലുമുണ്ട്. സംഭവ സമയത്ത് വീട്ടിനുള്ളിലുണ്ടായിരുന്ന കുട്ടികളടക്കം മറ്റ് അഞ്ചുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീട് പൂർണമായും തകർന്ന് നിലം പതിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയ്ക്കാണ് സംഭവം. വൈകിട്ട് പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. കാലപ്പഴക്കത്തെ തുടർന്ന് ഓടുമേഞ്ഞ മൺവീട് പുലർച്ചേ നിലംപതിക്കുകയായിരുന്നു. സംഭവ സമയം വീട്ടമ്മയടക്കമുള്ള വീട്ടുകാർ നല്ല ഉറക്കത്തിലായിരുന്നു. മൺഭിത്തിയോട് ചേർന്ന് കിടന്ന കട്ടിലിൽ ഉറങ്ങുകയായിരുന്ന വീട്ടമ്മയുടെ ശരീരത്തേക്കാണ് മൺഭിത്തിയും വീടിന്റെ മേൽക്കൂരയും ഇടിഞ്ഞു വീണത്.
ഭാസുരയുടെ ഭർത്താവ് ശ്രീനിവാസനും മകളും മകളുടെ മൂന്ന് കുട്ടികളുമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ചു. സംഭവം അറിഞ്ഞെത്തിയ വാർഡ് അംഗം ബിന്ദുവിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ഇവർക്ക് താമസിക്കാൻ താത്ക്കാലികമായി സൗകര്യവും ഒരുക്കിയിട്ടുണ്ട്.