കൊല്ലം: 15-ാം വയസിൽ ആലപ്പി വിൻസെന്റിന്റെ 'കെടാവിളക്ക്' എന്ന ചിത്രത്തിൽ 'താരകമലരുകൾ വാടി, താഴത്തുനിഴലുകൾ മൂടി...' എന്ന ഗാനം പാടിയാണ് പാലാ തങ്കം സിനിമാരംഗത്തെത്തിയത്. മുന്നൂറിൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂവായിരത്തിലധികം വേദികളിൽ നാടകത്തിൽ അഭിനയിച്ചു. കുട്ടിക്കാലം മുതൽ സംഗീതപഠനം നടത്തിയിരുന്നു. ശാരദ, സത്യൻ, രാഗിണി തുടങ്ങിയവരുടെ അമ്മയായി അഭിനയിച്ചിട്ടുണ്ട്. ഗാന്ധിഭവനിലെ സ്ഥിരം സന്ദർശകയായ കെ.പി.എ.സി ലളിതയുടെ ശുപാർശ പ്രകാരമാണ് 2013 സെപ്തംബർ 5ന് തങ്കം ഗാന്ധിഭവനിലെത്തിയത്. കേരള സംഗീതനാടക അക്കാഡമി 2018ൽ ഗുരുപൂജാ പുരസ്കാരം നൽകി ആദരിച്ചു. അക്കാഡമി പ്രതിനിധികൾ ഗാന്ധിഭവനിലെത്തിയാണ് തങ്കത്തിന് പുരസ്കാരം നൽകിയത്.
കോട്ടയം വേളൂർ തിരുവാതുക്കൽ ശരത്ചന്ദ്രഭവനിൽ കുഞ്ഞുക്കുട്ടൻ - ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകളായി 1941 ഫെബ്രുവരി 26ന് ജനിച്ച രാധാമണി പാലാ തങ്കം എന്ന പേരിലാണ് അറിയപ്പെട്ടത്. സോമശേഖരൻതമ്പി, ബാഹുലേയൻതമ്പി എന്നിവരാണ് മറ്റു മക്കൾ.
പരേതയായ മകൾ അമ്പിളിയുടെ ഭർത്താവും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ചന്ദ്രമോഹനനും ഗാന്ധിഭവൻ അന്തേവാസിയാണ്.കൊല്ലം: സിനിമയിലും നാടകത്തിലും മികവുറ്റ കഥാപാത്രങ്ങൾ അവതരിപ്പിച്ച് മലയാളികളുടെ മനസിലിടം നേടിയ പാലാതങ്കം ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടപ്പോൾ പത്തനാപുരം ഗാന്ധിഭവനിൽ അഭയം തേടുകയായിരുന്നു. ശബ്ദസൗകുമാര്യം കൊണ്ട് പിന്നണി ഗായികയായും തങ്കം തിളങ്ങി. പുലിയന്നൂർ വിജയൻ ഭാഗവതരായിരുന്നു ആദ്യ സംഗീത ഗുരു. എൻ.എൻ. പിള്ളയുടെ വിശ്വകേരള നാടക സമിതിയിലൂടെയാണ് നാടകത്തിലെത്തിയത്. ചങ്ങനാശേരി ഗീതാ തിയറ്റേഴ്സിന്റെയും കെ.പി.എ.സിയുടെയും ജ്യോതി തിയറ്റേഴ്സിന്റെയുമടക്കം നിരവധി ട്രൂപ്പുകളിൽ നാടകം അവതരിപ്പിച്ചു. അന്യഭാഷാ ചിത്രങ്ങളിലടക്കം മൂവായിരത്തിൽ അധികം സിനിമകളിൽ ശബ്ദം നൽകി.
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, സർവേക്കല്ല്, മൂലധനം എന്നീ ഹിറ്റ് നാടകങ്ങളിൽ തിളങ്ങി. പൊൻകുന്നം വർക്കിയുടെ നാടകത്തിൽ അഭിനയിക്കുന്ന വേളയിലാണ് പ്രോത്സാഹനമായി കൂടെ നിന്ന ഭർത്താവ് ശ്രീധരൻ തമ്പി വാഹനാപകടത്തിൽ മരിക്കുന്നത്. ഏറ്റവും ഒടുവിൽ അഭിനയിച്ചത് ബാലൻ.കെ. നായരുടെ യാഗാഗ്നിയെന്ന ചിത്രത്തിലാണ്. താരസംഘടനായ അമ്മയിൽ വിശിഷ്ട അംഗത്വവും പെൻഷനും ലഭിച്ചിരുന്നു. ഗാന്ധി ഭവനിൽ കഴിയവേ അടുത്തകാലത്ത് തീർത്തും അവശയായി. ഒടുവിൽ കഥാപാത്രങ്ങൾ ബാക്കിയാക്കി പാലാതങ്കം യാത്രയായി.
ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് എന്നും മാർഗദീപമായിരുന്നു പാലാ തങ്കം. രണ്ടു ദിവസം മുൻപും തങ്കത്തെ കാണാൻ ഗാന്ധിഭവനിലെത്തിയിരുന്നു. ഒരു മണിക്കൂറിലധികം ചെലവിട്ട ശേഷമാണ് മടങ്ങിയത്. ആഴ്ചയിലൊരിക്കൽ ഫോൺ വിളിച്ച് വിശേഷങ്ങൾ തിരക്കുമായിരുന്നു. സിനിമാ മേഖലയിൽ നിന്ന് അധികമാരും എത്തിയിരുന്നില്ലെങ്കിലും ഭാഗ്യലക്ഷ്മിയുടെ സന്ദർശനം വലിയ ആശ്വാസമായിരുന്നു.