കൊല്ലം: നാടക - ചലച്ചിത്ര നടിയും ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ പാലാ തങ്കം (84) അന്തരിച്ചു. ഏറെ നാളായി പത്തനാപുരം ഗാന്ധിഭവനിൽ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ വാർദ്ധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 7.35 ഓടെയായിരുന്നു അന്ത്യം. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ. സംസ്കാരം പിന്നീട്. കോട്ടയം വേളൂർ തിരുവാതുക്കൽ ശരത്ചന്ദ്രഭവനിൽ കുഞ്ഞുക്കുട്ടൻ - ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകളായി 1941 ഫെബ്രുവരി 26ന് ജനിച്ച രാധാമണി പാലാ തങ്കം എന്ന പേരിലാണ് അറിയപ്പെട്ടത്. കേരള പൊലീസിൽ എസ്.ഐ ആയിരുന്ന ഭർത്താവ് ശ്രീധരൻ തമ്പി 25 വർഷം മുമ്പ് അപകടത്തിൽ മരിച്ചു. പരേതയായ ഡബ്ബിംഗ് ആർട്ടിസ്റ്റ് അമ്പിളി ഉൾപ്പെടെ മൂന്ന് മക്കളുണ്ട്.