police

തിരുവനന്തപുരം: വാളയാർ പീഡനക്കേസിൽ അച്ഛനോട് പീഡനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഡിവൈ.എസ്.പി ആവശ്യപ്പെട്ടുവെന്ന വെളിപ്പെടുത്തൽ പുറത്ത് വന്നതിന് പിന്നാലെ സാക്ഷര കേരളത്തിന് അപമാനമായ കടയ്ക്കാവൂർ പീഡനക്കേസിലും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം കടയ്ക്കാവൂർ പൊലീസ് നടത്തിയത് കേരളത്തെ ലജ്ജിപ്പിക്കുന്ന നടപടി. എഫ്.ഐ.ആർ രേഖപ്പെടുത്തിയതിലും അന്വേഷണത്തിലും പൊലീസിന് സംഭവിച്ചത് ഗുരുതര പിഴവ്. കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചതായി പറയപ്പെടുന്ന സംഭവം കെട്ടിച്ചമച്ചതാണെന്ന ആരോപണം ഉയരുന്നതിനിടെ സംശയങ്ങൾ ബലപ്പെടുന്ന വിധത്തിലാണ് സംഭവത്തിൽ പൊലീസിനുണ്ടായ പിഴവുകൾ. കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആറിൽ വിവരം തന്നയാൾ ശിശുക്ഷേമസമിതി അദ്ധ്യക്ഷയാണെന്നാണ് കടയ്ക്കാവൂർ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അച്ഛനോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി വിവരം വെളിപ്പെടുത്തിയ കുട്ടിയെ പൊലീസാണ് ശിശുക്ഷേമ സമിതിയിലേക്ക് കൗൺസലിംഗിനായി അയച്ചത്. പൊലീസ് സ്റ്റേഷനിൽ പ്രാഥമികമായി വിവരം കൈമാറിയത് കുട്ടിയും കുട്ടിയുടെ അച്ഛനുമാണ്.

പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടിയിരുന്നത് ഇവരിൽ ആരുടെയെങ്കിലും മൊഴിയുടെ അടിസ്ഥാനത്തിലാകണമായിരുന്നു. എന്നാൽ, അതിന് പകരം ശിശുക്ഷേമ സമിതി അദ്ധ്യക്ഷയുടെ പേരിൽ മൊഴി രേഖപ്പെടുത്തിയത് കേസിന്റെ ഗൗരവം കൂട്ടാനാണെന്നാണ് കരുതപ്പെടുന്നത്. ഇതിന് പിന്നിൽ വ്യക്തമായ ആസൂത്രണവും ശക്തമായ സമ്മർദ്ദവുമുണ്ടായിട്ടുണ്ടെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. വാളയാറുൾപ്പെടെ പോക്സോ കേസുകളിൽ പിഴവ് പതിവാകുന്ന പൊലീസിന് ആഭ്യന്തരവകുപ്പും ഹൈക്കോടതിയുൾപ്പെടെയുള്ള കോടതികളും നിരന്തരം സർക്കുലറുകൾ അയക്കുകയും ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നതിനിടെയാണ് കടയ്ക്കാവൂരിൽ പെറ്റമ്മയെ പോക്സോ കേസിൽ ജയിലിലാക്കിയെന്ന ഗുരുതരവീഴ്ചയിലും പൊലീസ് പ്രതിക്കൂട്ടിലായിരിക്കുന്നത്.

മൂന്നുവർഷം മുമ്പുണ്ടായ സംഭവത്തെപ്പറ്റിയാണ് കുട്ടിയും പിതാവും പൊലീസ് സ്റ്റേഷനിലെത്തി സംസാരിച്ചത്. മൂന്നുവർഷം മുമ്പുണ്ടായ സംഭവത്തിൽ പരാതി നൽകാൻ താമസിച്ചതിനെപ്പറ്റിയോ കുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള പിണക്കങ്ങളോ കുടുംബപ്രശ്നങ്ങളുടെ ഗൗരവമോ കണക്കിലെടുക്കാതെ തിടുക്കത്തിൽ അറസ്റ്റിലേക്ക് നീങ്ങിയതാണ് അമ്മ ജയിലിലാകാനും സംഭവം കേരളത്തിന് അപമാനമാകാനും കാരണമായത്. കേസിൽ കുട്ടിയെ കൗൺസലിംഗിനും വൈദ്യപരിശോധനയ്ക്കും അയച്ചതിലും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിലും എസ്.എച്ച്.ഒയുടെയോ എസ്.ഐ.യുടെയോ മതിയായ മേൽനോട്ടമുണ്ടായില്ല. കൗൺസലിംഗിനെത്തിയ കുട്ടിയെ മനോരോഗ വിദഗ്ദ്ധന്റെ പരിശോധനയ്ക്ക് വിധേയനാക്കാനും പൊലീസ് ശ്രമിച്ചില്ല. കുട്ടിയുടെ മൊഴിയനുസരിച്ച് പ്രതിസ്ഥാനത്തായ മാതാവിനെ സി.ആർ.പി.സി നിയമപ്രകാരം വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് ശ്രമിച്ചിട്ടില്ല. മാത്രമല്ല കുട്ടിയുടെ കൂടെപ്പിറപ്പിനെയോ കുടുംബാംഗങ്ങളെയോ നേരിൽക്കാണാനോ അവരിൽ നിന്ന് കൂടി വിവരങ്ങൾ ശേഖരിക്കാനോ പൊലീസ് ശ്രമിച്ചില്ല.

സാഹചര്യതെളിവുകളോ സാക്ഷി മൊഴികളോ വേണ്ടവിധം ശേഖരിക്കാനോ പരിശോധിക്കാനോ ശ്രമിക്കാതെയാണ് കുട്ടിയുടെ മാതാവിനെ ഗുരുതരമായ ഒരു പോക്സോ കേസിൽ പൊലീസ് തിടുക്കത്തിൽ അറസ്റ്റ് ചെയ്തത്. കുടുംബപ്രശ്നങ്ങൾ കാരണം ഭർത്താവിനെതിരെ ജീവനാംശത്തിനും ഗാ‌ർഹിക പീഡനത്തിനും യുവതിയുടെ പരാതിയോ കേസോ നിലവിലുണ്ടെന്ന കാര്യവും പൊലീസ് പരിഗണിച്ചിട്ടില്ല. ഇത്തരം പിഴവുകൾ പ്രാഥമികമായി തന്നെ ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കാൻ കേസ് ഐ.ജി ഹർഷിത അട്ടല്ലൂരിയ്ക്ക് ഡി.ജി.പി കൈമാറിയത്. നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിൽ ദമ്പതികൾ തീപ്പൊള്ളലേറ്റ് മരിക്കാനിടയായ സംഭവത്തിന് പിന്നാലെയാണ് കടയ്ക്കാവൂർ സംഭവത്തിലും പൊലീസിന്റെ അനാവശ്യ തിടുക്കം സേനയ്ക്ക് നാണക്കേടിനും പേരുദോഷത്തിനും ഇടയാക്കിയത്.

ഭർത്താവിനെതിരെ യുവതിയുടെ കുടുംബം

കടയ്ക്കാവൂർ: മകനെ പീഡിപ്പിച്ചു എന്ന പരാതി വ്യാജമാണെന്ന് യുവതിയുടെ കുടുംബം. യുവതിയെ ഭർത്താവ് നിരന്തരം മർദ്ദിക്കുകയും സ്ത്രീധനത്തിന്റെ പേരിൽ മാനസികവും ശാരീരികവുമായി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നത് പതിവാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. യുവതി ഗർഭിണിയായിരിക്കുമ്പോഴും പ്രസവശേഷവും മർദ്ദനം പതിവായിരുന്നുവെന്നും യുവതിയുടെ മാതാവ് പറയുന്നു. മകൾക്ക്എതിരെയുള്ളത് വ്യാജ കേസ് ആണെന്നാണ് മാതാവിന്റെ വെളിപ്പെടുത്തൽ.തന്നെ അച്ഛൻ ഉപദ്രവിക്കുന്നത് പതിവാണെന്നും ഇളയകുട്ടിയും പറയുന്നു. അച്ഛന്റെ കൂടെ താമസിച്ചിരുന്ന സമയത്തൊക്കെ തന്നെ അടിക്കുകയും ഭക്ഷണംനൽകാതെ ഉപദ്രവിക്കുകയും ചെയ്തുവെന്ന് കുട്ടി വെളിപ്പെടുത്തി. യുവതിയുടെ ഭർത്താവിന്റെ രണ്ടാം വിവാഹം എതിർത്തതിന്റെ പേരിൽ വൈരാഗ്യം തീർക്കാൻ വേണ്ടിയാണ് യുവതിയെ കേസിൽ കുടുക്കിയതെന്ന് കുടുംബം ആരോപിക്കുന്നു .ഭർത്താവിന്റെ പരാതിയെതുടർന്ന് അറസ്റ്റിലായ യുവതി ഇപ്പോൾ റിമാൻഡിലാണ്.

പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. എന്നാൽ വിവാഹശേഷം ക്രൂര മർദ്ദനത്തിനിരയായ യുവതി മൂന്ന് വർഷക്കാലമായി ഭർത്താവിൽനിന്ന് അകന്നു നിൽക്കുകയാണ്. ഇവർക്ക് 17 ,14 ,11 വയസ്സുള്ള ആൺകുട്ടികളും ആറ് വയസ്സുള്ള പെൺകുട്ടിയുമാണുള്ളത്. വേർപെട്ട് താമസിക്കാൻ തുടങ്ങിയ ശേഷം ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും കുട്ടികളെ കൂടെ കൊണ്ടു പോവുകയും ചെയ്തു . ഇതിൽ ഒരു കുട്ടിയാണ് മൊഴി നൽകിയത് . മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് യുവതിക്കെതിരെ നിയമ നടപടി ഉണ്ടായത് . മൂന്നാമത്തെ കുട്ടി ഇപ്പോൾ കുടുംബത്തോടൊപ്പമാണുള്ളത്. തന്നെയും അമ്മയെയും അച്ഛൻ നിരന്തരം മർദ്ദിച്ചിരുന്നതായി കുട്ടി പറയുന്നു . കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഇവർ വേർപിരിഞ്ഞ് താമസിക്കുകയാണെങ്കിലും നിയമപരമായി വിവാഹം വേർപെടുത്തിയിട്ടില്ല. കേസ് കുടുംബ കോടതിയിലാണ്. വിവാഹം വേർപെടുത്താതെ മറ്റൊരു വിവാഹം കഴിച്ചത് എതിർക്കുകയും ജീവനാംശം ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിക്കുകയും ചെയ്തതിന്റെ വൈരാഗ്യമാണ് കേസിന് ആസ്പദമായ തെന്നും കുടുംബം ആരോപിക്കുന്നു.

നൂറ് ശതമാനം ശരിയായ കേസെന്ന് എസ്.ഐ

കടയ്ക്കാവൂർ പോക്സോ കേസ് വിവാദം കത്തിനിൽക്കുമ്പോഴും നൂറ് ശതമാനം ശരിയായ കേസാണ് ഇതെന്ന് യുവതിയെ അറസ്റ്റ് ചെയ്ത എസ്.ഐ വിനോദ് 'കേരളകൗമുദി ഫ്ളാഷി"യോട് വെളിപ്പെടുത്തി. ശിശുക്ഷേമസമിതിയുടെ നിർദ്ദേശാനുസരണം കുട്ടിയെ പത്ത് ദിവസത്തോളം അവിടെ താമസിപ്പിച്ച് കൗൺസലിംഗ് നടത്തുകയും ഡോക്ടറുടെയും മജിസ്ട്രേറ്റിന്റെയും മുന്നിൽ ഹാജരാക്കി മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തശേഷമാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നത്. അമ്മ മകനെ പീഡിപ്പിച്ചെന്ന വാർത്ത അവിശ്വസിക്കാനുളള പ്രയാസമാകും അനാവശ്യ വിവാദങ്ങൾക്ക് കാരണമായതെന്ന് എസ്.ഐ പറഞ്ഞു. കുട്ടിയെ വിശദമായ പരിശോധനകൾക്കായി മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോ‌ർഡിന് മുന്നിൽ ഹാജരാക്കുമെന്നും എസ്.ഐ അറിയിച്ചു.