denki

 ചാമക്കടയിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും കീഴടങ്ങി

കൊല്ലം: ജില്ലയിൽ പലയിടങ്ങളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നു. ചാമക്കട അഗ്നിരക്ഷാ നിലയത്തിലെ എട്ട് ജീവനക്കാർക്ക് ഡെങ്കി സ്ഥിരീകരിച്ചു. സ്റ്റേഷൻ ഓഫീസർ ഉൾപ്പെടെയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാല് ഫയർ ഓഫീസർമാരും ഒരു ലീഡിംഗ് ഫയർമാനും ഉൾപ്പെടും. മറ്റൊരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതും നിലയത്തിന്റെ പ്രവർത്തനത്തെ ബാധിച്ചു.

ആകെയുള്ള മുപ്പത് ജീവനക്കാരിൽ നാലുപേർ ശബരിമല ഡ്യൂട്ടിയിലും ഒരാൾ കാലിന് ഗുരുതര പരിക്കേറ്റ് ചികത്സയിലുമാണ്. മൂന്ന് ഷിഫ്ടുകളിലായി ജോലി ചെയേണ്ടവരിലധികം പേരും നിലവിൽ നിലയത്തിലെത്താൻ സാധിക്കാത്തവരാണ്. നിലവിലുള്ളവർക്കും പനി ലക്ഷണമുണ്ട്. വരും ദിവസങ്ങളിൽ ഇവരും രോഗബാധിതരായാൽ നിലയത്തിന്റെ പ്രവർത്തനം അവതാളത്തിലാകും.

 പകൽ ശ്രദ്ധിക്കണം

ഈഡിസ് കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഫ്‌ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്ക് കാരണം. ഈഡിസ് ഈജിപ്തി, ഈഡിസ് അൽബോപിക്ടസ് എന്നീ വിഭാഗത്തിലുള്ള വൈറസുകളാണ് ഇവയ്ക്ക് കാരണമാകുന്നത്. ഈഡിസ് കൊതുകുകൾ പകൽ സമയത്താണ് കടിയ്ക്കാറുള്ളത്.

 ലക്ഷണം

വൈറസ് ബാധയേറ്റാൽ ആറ് മുതൽ പത്ത് ദിവസത്തിനകം ലക്ഷണങ്ങൾ കാണിക്കും. അതികഠിനമായ ശരീരവേദന ഉണ്ടാകാം. മൂക്കൊലിപ്പ്, കഫക്കെട്ട് എന്നിവ ഉണ്ടാകണമെന്നില്ല.

 വൈദ്യസഹായം

ഏതുതരം പനി ഉണ്ടായാലും തുടക്കത്തിലേ വൈദ്യസഹായം തേടണം. തിളപ്പിച്ചാറിയ വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നിവ ഇടയ്ക്കിടെ കുടിക്കണം. ജീവിതശൈലീ രോഗങ്ങളുള്ളവർ വിവരം ഡോക്ടറുമായി പങ്കുവയ്ക്കണം.