ration
റേഷൻ കാർഡിനായി കൊല്ലം താലൂക്ക് സപ്ലൈ ഓഫീസിൽ എത്തിയവരുടെ തിരക്ക്

കൊല്ലം: ക്യൂവിൽ നിറുത്തിയും ടോക്കൺ സംവിധാനം ഏർപ്പെടുത്തിയും ഉപഭോക്താക്കളെ വലച്ച് താലൂക്ക് സപ്ലൈ ഓഫീസ്. കൊവിഡ് മാനദണ്ഡപ്രകാരം ടോക്കൺ സംവിധാനത്തിലൂടെയേ സപ്ലൈ ഓഫീസിൽ കയറാൻ സാധിക്കയുള്ളൂ എന്നാണ് ആദ്യം അറിയിപ്പ് ലഭിക്കുക. എന്നാൽ പിന്നീട് തീരുമാനങ്ങൾ മാറിക്കൊണ്ടിരിക്കുന്നതാണ് ഉപഭോക്താക്കളെ വലയ്ക്കുന്നത്.

ഇന്നലെ രാവിലെ ഏഴ് മുതൽ ടോക്കൺ വിതരണം ആരംഭിച്ചു. ചിലർക്ക് ഉച്ചയ്ക്ക് ശേഷം രണ്ടിനാണ് അനുമതി ലഭിച്ചത്. ടോക്കൺ വാങ്ങി മടങ്ങിയവർ തിരിച്ചെത്തിയപ്പോഴാണ് ക്യൂവിൽ നിൽക്കണമെന്ന് അറിയുന്നത്. ഇതോടെ ക്യൂവിലുള്ളവരും ടോക്കൺ വാങ്ങിയവരും തമ്മിൽ തർക്കമായി. കയ്യാങ്കളിയോളമെത്തിയിട്ടും അധികൃതർ അനങ്ങിയില്ല. സ്ഥിതി കൈവിടുമെന്ന് കണ്ടതോടെയാണ് ഇരുകൂട്ടർക്കും പ്രത്യേകം സംവിധാനമൊരുക്കി പ്രശ്‌നം പരിഹരിച്ചത്.

 ലാമിനേഷൻ പേപ്പർ പുറത്തുനിന്ന് വാങ്ങണം

പുതുതായി റേഷൻകാർഡിന് അപേക്ഷിച്ചവർക്ക് കാർഡ് ലഭിക്കണമെങ്കിൽ ലാമിനേഷൻ പേപ്പർ പുറത്തുനിന്ന് വാങ്ങിനൽകണം. ഓരോകാർഡും പ്രിന്റ് ചെയ്ത് ലാമിനേഷൻ ഉൾപ്പെടെ ചെയ്യുന്നതിന് പ്രത്യേകം ചാർജും ഈടാക്കുന്നുണ്ട്. ഇത് സ്വകാര്യ കച്ചവടക്കാരെ സഹായിക്കാനാണെന്ന ആക്ഷേപവുമുണ്ട്.

 പ്രിന്റ്, ലാമിനേഷൻ എന്നിവയ്ക്ക് ഈടാക്കുന്ന തുക


കാർഡ് ഇനം - പുതിയത് - ഡ്യൂപ്ലിക്കേറ്റ്
വെള്ള (പൊതുവിഭാഗം) - 100 - 105
നീല (പൊതുവിഭാഗം -സബ്‌സിഡി) - 100 - 105
പിങ്ക് (മുൻഗണന വിഭാഗം) - 50 -105
മഞ്ഞ (എ.എ.വൈ) - 50 - 26