കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ വിവാദമായ ലോഗോ ശ്രീലങ്കൻ കമ്പിനിയുടെ അടയാളത്തെ അനുകരിച്ചതെന്ന് പുതിയ ആരോപണം. വിദേശ ധനകാര്യ സ്ഥാപനത്തിന്റെ അടയാളവുമായി ഓപ്പൺ സർവകലാശാല ലോഗോയ്ക്കുള്ള സാമ്യം നേരത്തെ പുറത്ത് വന്നിരുന്നു.
ശ്രീലങ്കയിലെ വിവാഹ ഫാഷൻ കമ്പിനിയായ ഹെലിയോസിന്റെ ലോഗോയുമായുള്ള സാമ്യമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഒരേ ആകൃതിയിലുള്ള ജ്യാമിതീയ രൂപങ്ങൾ കോർത്തിണക്കിയുള്ളതാണ് ഓപ്പൺ സർവകലാശാലയുടെയും ഹെലിയോസിന്റെയും ലോഗോ. ഹെലിയോസിന്റെ ലോഗോയിൽ ഇളം മഞ്ഞ, മഞ്ഞ, ഓറഞ്ച്, കാവി നിറങ്ങളാണുള്ളത്. ഓപ്പൺ സർവകലാശാല ലോഗോയിൽ വയലറ്റ്, പച്ച എന്നീ രണ്ട് വർണങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ടന്നേയുള്ളു.
അനുകരണത്തിന്റെ തെളിവുകൾ പുറത്ത് വന്നിട്ടും ഇപ്പോഴത്തെ ലോഗോ ആധുനികമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സർവകലാശാല അധികൃതർ. ഗുരുദേവനെ പൂർണമായും മാറ്റിനിറുത്തിയതിനെതിരെ വ്യാപക വിമർശനമുണ്ടായിട്ടും പുനർപരിശോധനയ്ക്ക് തയ്യാറായിട്ടില്ല.