താങ്ങുവില കുറവ്, സംഭരണം നിലച്ചു
കൊല്ലം: തേങ്ങയുടെ താങ്ങുവില വർദ്ധിപ്പിക്കാത്തതിനാൽ പച്ചത്തേങ്ങ സംഭരണം സ്തംഭനാവസ്ഥയിൽ. കർഷകർക്ക് മാന്യമായ വില കൊടുക്കാൻ പറ്റാത്തതിനാൽ സംസ്ഥാന സർക്കാർ സംഭരണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള കേരഫേഡ് കാലങ്ങളായി തേങ്ങ ഏറ്റെടുക്കുന്നില്ല.
ഒരു കിലോ തേങ്ങയ്ക്ക് ഇപ്പോൾ പൊതുവിപണിയിൽ 45 രൂപയ്ക്ക് മുകളിലാണ് ശരാശരി വില. ചിലയിടങ്ങളിൽ 50ന് മുകളിലുമുണ്ട്. എന്നാൽ സർക്കാരിന്റെ താങ്ങുവില 27 രൂപ മാത്രമാണ്. പൊതുവിപണിയിൽ വില ഉയർന്ന് നിൽക്കുമ്പോഴും കർഷകർക്ക് 30 മുതൽ 35 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. ഇടനിലക്കാരാണ് ലാഭം കൊയ്യുന്നത്. ഒരു കിലോ തേങ്ങ ഉത്പാദിപ്പിക്കാൻ നിലവിലെ സാഹചര്യത്തിൽ കുറഞ്ഞത് 50 രൂപയെങ്കിലും ചെലവാകുമെന്നാണ് കർഷകർ പറയുന്നത്. ഇടനിലക്കാരുടെ കൊള്ള അവസാനിപ്പിക്കാൻ താങ്ങുവില വർദ്ധിപ്പിച്ച് സംഭരണം പുനരാരംഭിക്കണമെന്ന് കർഷ സംഘടനങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ അംഗീകരിച്ചിട്ടില്ല.
ഒന്നരവർഷം മുൻപാണ് സംസ്ഥാന സർക്കാർ കേരഫെഡ് വഴി പച്ചത്തേങ്ങ സംഭരിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പൊതുവിപണിയിൽ വില ഉയർന്ന് നിൽക്കുന്നതിനാൽ ഏറ്റെടുക്കാൻ കേരഫെഡും അവർക്ക് കൈമാറാൻ കർഷകരും തയ്യാറാകുന്നില്ല. തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങ വരവും കർഷകർക്ക് തിരിച്ചടിയാകുന്നുണ്ട്.
വില
പൊതു വിപണിയിൽ: 45 രൂപ (ഒരു കിലോ)
കർഷകന് ലഭിക്കുന്നത്: 30 - 35 രൂപ
ചെലവ്: 50 രൂപ
താങ്ങുവില: 27 രൂപ