കൊല്ലം: ജില്ലയിലെ ഏഴ് പഞ്ചായത്തുകളിൽ പെരുമ്പുഴ ശങ്കരാദിത്യമഠത്തിന്റെ പെൻഷൻ പദ്ധതി തുടങ്ങി. മഠാധിപതി സ്വാമി സൗപർണിക വിജേന്ദ്രപുരിയുടെ 41ാം ജന്മദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ക്ഷേമ പെൻഷൻ പദ്ധതിക്കാണ് തുടക്കമായത്. കുണ്ടറ, ഇളമ്പള്ളൂർ, കൊറ്റങ്കര, നെടുമ്പന, പെരിനാട്, പേരയം, തൃക്കോവിൽവട്ടം പഞ്ചായത്തുകളിലെ 65 വയസ് കഴിഞ്ഞവർക്കാണ് പെൻഷൻ നൽകുക.
അപേക്ഷിച്ചവർക്കെല്ലാം പെൻഷൻ നൽകിത്തുടങ്ങി. പെൻഷൻ, വസ്ത്രം, ചികിത്സാസഹായം എന്നിവയുടെ വിതരണം ശങ്കരാചാര്യ മഠം ജനറൽ സെക്രട്ടറിയും ആചാര്യ സഭ ഡയറക്ടറുമായ രാഹുൽ ആദിത്യ നിർവഹിച്ചു. ഹിന്ദു ആചാര്യ സഭ ദേശീയ അദ്ധ്യക്ഷൻ രവീന്ദ്രകുമാർ ബെർവാർ അദ്ധ്യക്ഷനായി.
മഠം പ്രസിഡന്റ് വി. വിശ്വമോഹൻ, പി.ആർ.ഒ അഡ്വ. ഹസ്‌കർ, ട്രസ്റ്റ് അംഗം അഡ്വ. ചിറ്റയം സതീഷ് കുമാർ, ജോക്കേഴ്‌സ് 'ഡി' സി.ഇ.ഒ വിക്രം ബാലാജി, മഠം മീഡിയ ആൻഡ് ഐ.ടി സെൽ മേധാവി കൃഷ്ണലത, ട്രഷറർ ജയകുമാരി എന്നിവർ പങ്കെടുത്തു.
മാനവസേവയാണ് ഈശ്വര സേവ:
സ്വാമി സൗപർണിക വിജേന്ദ്രപുരി
മറ്റുള്ളവരെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നത് യഥാർത്ഥ ഈശ്വര സേവയാണെന്ന് ശങ്കരാചാര്യ മഠാധിപതി സൗപൗർണിക വിജേന്ദ്രപുരി പെൻഷൻ വിതരണ പദ്ധതി സന്ദേശത്തിൽ പറഞ്ഞു. വിവിധ കാരണങ്ങളാൽ കലുഷിതമാണ് നാട്. ശരിയും സഹവർത്തിത്വവും പിടുച്ചുനിറുത്തേണ്ടത് നന്മ ചെയ്താണ്. ഉച്ചനീചത്വങ്ങൾ ഇല്ലാതാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സമൂഹനന്മയ്ക്കായി ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും സാധാരണക്കാർക്ക് ഗുണം ചെയ്യും. മൂല്യങ്ങൾ വ്യക്തി ജീവിതത്തിലേയ്ക്ക് കടന്നുവരുമ്പോഴാണ് സമൂഹത്തിലെ ഇല്ലായ്മയും ദുരിതവും തിരിച്ചറിയുക. അവരുടെ കണ്ണീര് തുടയ്ക്കുന്നത് വലിയ ഈശ്വര സേവയാണ്. ഈശ്വരന്റെ പേരിൽ ലക്ഷങ്ങൾ ചെലവിടുമ്പോൾ പട്ടിണിയിൽ കഴിയുന്നവരെ കാണാതിരിക്കരുത്. ഈശ്വര രക്ഷയുടെ കൈകൾ സാധാരണക്കാരിലേയ്ക്കും എത്തണമെന്ന് അദ്ദേഹം പറഞ്ഞു.