thangal-kunj
എ.തങ്ങൾകുഞ്ഞ് മുസലിയാർ പാർക്ക്

നഗരത്തിൽ പ്രവർത്തനസജ്ജമല്ലാതെ
നിരവധി പാർക്കുകൾ,​ പ്രവർത്തിക്കുന്നത് ഒന്ന് മാത്രം


കൊല്ലം : നഗരത്തിൽ പത്തിൽ അധികം വിനോദകേന്ദ്രങ്ങളും പാർക്കുകളുമുണ്ടായിട്ടും ഇവിടേക്ക് ജനങ്ങളെത്തുന്നില്ല. കോടികൾ ചെലവഴിച്ച് പുതിയ പാർക്കുകൾ നിർമ്മിച്ചിട്ടും പഴയത് പുതുക്കിപ്പണിതിട്ടും ഇവയൊന്നും പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ല എന്നതാണ് വസ്തുത. നഗരത്തിലിപ്പോൾ പേരിനെങ്കിലും പ്രവർത്തിക്കുന്നത് ആശ്രാമം അഡ്വഞ്ചർ പാർക്ക് മാത്രമാണ്. ബീച്ചിലെ മഹാത്മാഗാന്ധി പാർക്ക്, തിരുമുല്ലവാരം ചിൽഡ്രൻസ് പാർക്ക്, തങ്കശ്ശേരി പാർക്ക് എന്നിവയെല്ലാം കൊവിഡ് പശ്ചാത്തലത്തിൽ അടച്ചവയാണെങ്കിൽ എ.ആർ ക്യാമ്പിന് സമീപത്തെ നെഹ്‌റു, ടി.കെ. ദിവാകരൻ പാർക്കുകൾ തുറന്ന് സന്ദർശകരെ കയറ്റിയിട്ട് വർഷങ്ങളാവുന്നു. പ്രധാന കേന്ദ്രങ്ങളിൽ പുതുതായി പാർക്കുകൾ നിർമ്മിക്കാനാണ് നഗരസഭയുടെ പദ്ധതി. എന്നാൽ നിലവിലുള്ളവയുടെ പരിപാലനമോ സന്ദർശക പ്രവേശനമോ സംബന്ധിച്ച് യാതൊന്നും ചെയ്യുന്നില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം.

90. 5 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പാർക്ക്

നഗരസഭയുടെ ഉടമസ്ഥതയിൽ ട്രാഫിക്ക് സ്റ്റേഷന് സമീപം 2019 മേയിൽ പൂർത്തീകരിച്ച തങ്ങൾകുഞ്ഞ് മുസലിയാർ പാർക്ക് പൊതുജനങ്ങൾക്ക് ഇതുവരെ തുറന്നുനൽകിയിട്ടില്ല. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 90. 5 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പാർക്ക് ഇപ്പോൾ കാടുമൂടി നശിക്കുകയാണ്. ഇവിടെ നിന്ന് 800 മീറ്റർ മാറിയാണ് അഡ്വഞ്ചർ പാർക്ക് സ്ഥിതിചെയ്യുന്നത്. തൊട്ടടുത്തുതന്നെ ചിൽഡ്രൻസ് പാർക്കുമുണ്ട്. ഇവിടെ നിന്ന് 100 മീറ്റർ മാറി ലിങ്ക് റോഡിൽ ടൂറിസം വകുപ്പിന്റെ 3.5 കോടി രൂപ ചെലവിൽ പുതുതായി പുനർജനി പാർക്കിന്റെ നിർമ്മാണവും നടക്കുകയാണ്.

മാനവീയംവീഥി

കളക്ടറേറ്റിന് തെക്കുവശം വെസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലുള്ള റോഡ് മാനവീയം വീഥിയാക്കുമെന്ന പ്രഖ്യാപനവും ബാക്കിയാണ്. രണ്ട് വർഷം മുമ്പ് മാനവീയംവീഥി എന്ന ബോർഡ് സ്ഥാപിച്ചതൊഴിച്ചാൽ ആ ഭാഗത്തേക്ക് അധികൃതരുടെ ശ്രദ്ധയെത്തുന്നില്ല.

പ്രധാന പാർക്കുകൾ : 10
നിലവിൽ തുറക്കുന്നത് : 1
ചിൽഡ്രൻസ് പാർക്കുകൾ : 3
സന്ദർശകാനുമതിയുള്ളത് : കൊല്ലം ബീച്ച്, അഡ്വഞ്ചർ പാർക്ക്

അഡ്വഞ്ചർ പാർക്കിലും ബീച്ചിലും പ്രവേശിപ്പിക്കാമെങ്കിൽ മറ്റുള്ള പാർക്കുകളിലും സന്ദർശകരെ കയറ്റണം. കോടികൾ ചെലവഴിച്ച് നിർമ്മിച്ച പാർക്കുകൾ കാടുകയറി നശിക്കുകയാണ്. അവ തുറന്നുകൊടുക്കാനുള്ള നടപടി നഗരസഭ സ്വീകരിക്കണം

സന്ദർശകർ