waste

 അറവുമാലിന്യ നിക്ഷേപം വീണ്ടും സജീവം

കൊല്ലം: കൊല്ലം തോട്ടിലേക്ക് ഇറച്ചി മാലിന്യം തള്ളുന്നത് വീണ്ടും പതിവാകുന്നു. പള്ളിത്തോട്ടം പാലം, എച്ച് ആൻഡ് സി കോളനി, നിർമ്മിതി കേന്ദ്രം എന്നീ ഭാഗങ്ങളിലാണ് വൻതോതിൽ അറവുമാലിന്യം തള്ളുന്നത്. ചാക്കുകളിൽ നിറച്ച അവശിഷ്ടങ്ങൾ രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തിയാണ് തോട്ടിലേക്ക് തള്ളുന്നത്.

തോട്ടിലും കരയിലുമായി കിടന്ന് ചീഞ്ഞഴുകുന്ന മാലിന്യം അസഹ്യമായ ദുർഗന്ധത്തോടൊപ്പം പ്രാണികളും പുഴുക്കളും പെറ്റുപെരുകി പകർച്ചാവ്യാധി ഭീഷണിയും ഉയർത്തുന്നുണ്ട്. പ്രദേശവാസികൾ അസഹ്യമായ ദുർഗന്ധത്തിന്റെ കാരണം തെരയുമ്പോഴാണ് തോട്ടിൽ ഇറച്ചി അവശിഷ്ടങ്ങൾ തള്ളിയതായി കാണുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പല ദിവസങ്ങളിലും ഉൾനാടൻ ജലഗതാഗത വകുപ്പ് ജീവനക്കാരെത്തിയാണ് മാലിന്യം കുഴിച്ചുമൂടുന്നത്.

 പതിവുകൾ തുടരുന്നു

നേരത്തെ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവർ പോലും വാഹനങ്ങളിലെത്തി ഹോട്ടൽ മാലിന്യവും ഇറച്ചി അവശിഷ്ടങ്ങളും കൊല്ലം തോട്ടിലേക്ക് വലിച്ചെറിയുമായിരുന്നു. തോട് നവീകരണത്തിന്റെ ഭാഗമായി തീരം വൃത്തിയാക്കിയതോടെ ഉൾനാടൻ ജലഗതാഗത വകുപ്പ് മാലിന്യം തള്ളുന്നവർക്കെതിരെ നടപടി കർശനമാക്കി. രണ്ട് മാസം മുൻപ് അറവുമാലിന്യം തള്ളിയവരെ പൊലീസ് തിരിച്ചറിഞ്ഞ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതോടെ നിലച്ച മാലിന്യനിക്ഷേപം വീണ്ടും സജീവമായി തുടങ്ങിയിരിക്കുകയാണ്.

 '' കൊല്ലം തോട്ടിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പ്രദേശവാസികളുടെ സഹകരണത്തോടെ ശ്രമം തുടങ്ങിയിട്ടുണ്ട്. പിടിക്കപ്പെടുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും."

ജോയി ജനാർദ്ദനൻ (അസി. എക്സിക്യൂട്ടീവ് എൻജിനിയർ, ഉൾനാടൻ ജലഗതാഗത വകുപ്പ്)