ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
കൊല്ലം: കൊല്ലം ബൈപ്പാസിലെ ടോൾ പിരിവിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വാഹനങ്ങൾ തിരിച്ചറിയാനുള്ള സെൻസറുകൾ, ടോൾ പ്ലാസയുടെ സീലിംഗ് എന്നിവ സ്ഥാപിക്കുന്നത് ഇന്നോ നാളെയോ പൂർത്തിയാകും. അത് കഴിഞ്ഞാലുടൻ ട്രയൽ നടക്കും.
നാളെയോ ബുധനാഴ്ചയോ ട്രയൽ നടക്കാനാണ് സാദ്ധ്യത. ഇതിനൊപ്പം തന്നെ ടോൾ പിരിവ് ആരംഭിക്കുന്നത് സംബന്ധിച്ച അറിയിപ്പ് ജില്ലാ ഭരണകൂടം, പൊലീസ് എന്നിവർക്ക് ദേശീയപാത അതോറിറ്റി നൽകും. ടോൾ നിരക്ക് സംബന്ധിച്ച അറിയിപ്പ് പത്രമാദ്ധ്യമങ്ങളിലൂടെയും നൽകും. ഇന്നലെ മുതൽ ടോൾ പിരിവ് ആരംഭിക്കാനായിരുന്നു ആദ്യ തീരുമാനം. യന്ത്രങ്ങൾ സ്ഥാപിക്കുന്നതിലുണ്ടായ കാലതാമസം കാരണമാണ് തീരുമാനം മാറ്റിയത്. ഉത്തരേന്ത്യൻ കമ്പിനിയാണ് ടോൾ പിരിവിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത്. ദേശീയപാത അതോറിറ്റി പ്രത്യേകം കരാർ നൽകിയാണ് ടോൾ പിരിവിനുള്ള ഉപകരണങ്ങൾ സജ്ജീകരിക്കുന്നത്.
മറ്റ് റോഡുകളിൽ തിരക്കേറും
ബൈപ്പാസിൽ ടോൾ പിരിവ് ആരംഭിക്കുന്നതോടെ ബൈപ്പാസിന് സമീപത്തെ ഇടറോഡുകളിൽ തിരക്കേറും. ഇതിന് പുറമേ ടോൾ നൽകുന്നതിൽ താല്പര്യമില്ലാത്തവർ ചിന്നക്കട വഴി യാത്രയാക്കും. ഇതോടെ ചിന്നക്കട വഴിയുള്ള പഴയ ദേശീയപാതയിലും തിരക്കേറും. ഇതോടെ ബൈപ്പാസ് കൊണ്ട് ഉണ്ടായ പ്രയോജനം ഇല്ലാതാകും. ബൈപ്പാസ് ഉൾപ്പെടുന്ന ദേശീയപാത 66 ആറുവരിയാക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്. ബൈപ്പാസിൽ ആറുവരി പാതയ്ക്കുള്ള സ്ഥലം നേരത്തെ ഏറ്റെടുത്തിരുന്നു. ബാക്കി സ്ഥലങ്ങളിൽ സ്ഥലമേറ്റെടുപ്പിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. അറുവരി പാതയാകുമ്പോൾ മാത്രമേ ബൈപ്പാസ് പൂർണതയിലെത്തൂ. അതിന് മുൻപേ ടോൾ പിരിവ് ആരംഭിക്കുന്നതാണ് ഇപ്പോഴത്തെ എതിർപ്പിന്റെ പ്രധാന കാരണം.
ശക്തമായ പ്രതിഷേധങ്ങൾക്ക് സാദ്ധ്യത
ടോൾ പിരിവ് ആരംഭിക്കുമ്പോൾ ശക്തമായ പ്രതിഷേധങ്ങൾ ഉയരാൻ സാദ്ധ്യതയുണ്ട്. പിരിവ് ആരംഭിക്കുമ്പോൾ ടോൾ പ്ലാസ ഉപരോധിക്കാനുള്ള തീരുമാനത്തിലാണ് യുവജന സംഘടനകൾ.