കരുനാഗപ്പള്ളി : നഗരസഭയിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുത്തു.ആറ് സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്കാണ് ചെയർമാൻമാരുടെ തിരഞ്ഞെടുപ്പ് നടന്നത്. നഗരസഭാ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസർ എസ്. സുശീല നേതൃത്വം നൽകി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി ആരോഗ്യ വകുപ്പിൽ നിന്ന് സീനിയർ മെഡിക്കൽ ഓഫീസറായി വിരമിച്ച ഡോ. പി .മീനയും വിദ്യാഭ്യാസ കലാസാംസ്കാരിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണായി പ്രഥമാദ്ധ്യാപികയായി വിരമിച്ച ശ്രീലതയും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണായി മുൻ നഗരസഭാ അദ്ധ്യക്ഷ കൂടിയായ എം. ശോഭനയും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണായി എസ്. ഇന്ദുലേഖയും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി പടിപ്പുര ലത്തീഫും തിരഞ്ഞെടുക്കപ്പെട്ടു. ധനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പദവിയിലേക്ക് വൈസ് ചെയർപേഴ്സൺ സുനിമോളെ നേരത്തെ തിരെഞ്ഞെടുത്തിരുന്നു.35 ഡിവിഷനുകളുള്ള നഗരസഭയിൽ എൽ .ഡി .എഫിന് 25 സീറ്റുകളാണ്. നഗരസഭാ ഹാളിൽ നടന്ന അനുമോദന യോഗത്തിൽ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർ പേഴ്സൺ സുനിമോൾ, കൗൺസിലർമാരായ സിംലാൽ മഹേഷ് ജയരാജ്, സതീഷ് തേവനത്ത്, റജി ഫോട്ടോപാർക്ക്, റഹിയാനത്ത്ബീവി തുടങ്ങിയവർ സംസാരിച്ചു.