photo

അഞ്ചൽ: കൂട്ടുകാരോടൊപ്പം മകൻ വീട്ടിനുള്ളിൽ മദ്യപിച്ചത് ചോദ്യം ചെയ്യുന്നതിനിടെയുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റ പിതാവ് മരിച്ച നിലയിൽ. കരുകോൺ പുഞ്ചക്കോണത്ത് ചരുവിള വീട്ടിൽ രാജപ്പനാണ് (60) മരിച്ചത്. മകൻ സതീശനെ (32) അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച സന്ധ്യയോടെയാണ് സംഭവം. രാവിലെ വീട് പൂട്ടി ജോലിക്ക് പോയ രാജപ്പനും ഭാര്യ വിലാസിനിയും വൈകിട്ട് തിരികെയെത്തിയപ്പോൾ പൂട്ട് പൊളിച്ച് അകത്തുകടന്ന സതീശനും ഒരു സ്ത്രീ ഉൾപ്പെടെയുള്ള നാല് സുഹൃത്തുക്കളും മുറിക്കുള്ളിൽ മദ്യപിക്കുന്നതാണ് കണ്ടത്. ഇത് ചോദ്യം ചെയ്തതോടെ ഇരുവരെയും മകനും സുഹൃത്തുക്കളും ചേർന്ന് അസഭ്യംപറഞ്ഞ് കൈയേറ്റം ചെയ്തു.

ഇതിനിടെ ഇരുവരും തല ഭിത്തിയിലിടിച്ച് വീണ് പരിക്കേറ്റു. എന്നാൽ ഇവർ ആശുപത്രിയിൽ പോകാൻ തയ്യാറായില്ല. തുടർന്ന് സതീശന്റെ ഒരു സുഹൃത്ത് ഒഴികെ മറ്റുള്ളവർ പുറത്തേക്ക് പോയി. ഇന്നലെ രാവിലെയാണ് രാജപ്പൻ മരിച്ച വിവരം വീട്ടുകാർ അറിയുന്നത്. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഞ്ചൽ പൊലീസ് സതീശനനെയും മറ്റൊരു സുഹൃത്തായ അനീഷിനെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് വിലാസിനിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചോദ്യം ചെയ്യലിൽ മകൻ കുറ്റം സമ്മതിച്ചതോടെ സുഹൃത്തിനെ വിട്ടയച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

''

മദ്യപസംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് കൂടുതൽ അന്വേഷിച്ച് വരികയാണ്. മകനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അനിൽകുമാർ,

സി. ഐ, അഞ്ചൽ