കൊട്ടാരക്കര: ക്ളീൻ കാെട്ടാരക്കര പദ്ധതിയ്ക്കായി നഗരസഭ ചെയർമാന്റെ അടിയന്തര ഇടപെടൽ. പൊതു സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതിന് കർശന തടയിടും. സ്വകാര്യ ബസ് സ്റ്റാൻഡ്, രവിനഗർ ജൂബിലി മന്ദിരം ഭാഗം, മാർക്കറ്റ്, മണികണ്ഠൻ ആൽത്തറ, ഗാന്ധിമുക്ക് തുടങ്ങി പട്ടണത്തിന്റെ മിക്കയിടങ്ങളിലും നഗരസഭ ചെയർമാൻ എ.ഷാജുവും സംഘവും രാവിലെ മുതൽ സന്ദർശിച്ചു. വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ, ഹെൽത്ത് ഇൻസ്പക്ടർമാരായ പ്രമോദ്, രതീഷ് എന്നിവരും പങ്കെടുത്തു. നഗരസഭ ശുചീകരണ തൊഴിലാളികളുമായെത്തി കുന്നുകൂടിക്കിടന്ന മാലിന്യങ്ങൾ നീക്കം ചെയ്തു. വരുംദിവസങ്ങളിൽ പരിശോധനകൾ കർശനമാക്കുവാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.
സൗന്ദര്യവത്കരണം ഉടൻ
മാലിന്യം വലിച്ചെറിയുന്നതായി ചില വ്യാപാരികൾക്കെതിരെ പരാതികളുണ്ട്. ഇവർക്ക് താക്കീത് നൽകി. തുടർന്നും മാലിന്യം പൊതുഇടങ്ങളിൽ നിക്ഷേപിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളെടുക്കുമെന്നും ചെയർമാൻ അറിയിച്ചു. പട്ടണത്തിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കാൻ ശുചീകരണം നടത്താനും സംവിധാനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഉഗ്രൻകുന്ന് മാലിന്യ പ്ളാന്റിൽ പ്ളാസ്റ്റിക് മാലിന്യങ്ങൾ വേർതിരിക്കാനുള്ള യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. വൃത്തിയുള്ള പട്ടണമാക്കി മാറ്റുന്നതിനുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടത്. നഗരസ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുവനാണ് തീരുമാനം.
ബസ് സ്റ്റാൻഡിൽ മറ്റ് വാഹനങ്ങൾ അനുവദിക്കില്ല
കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡിൽ മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയും. സമീപത്തെ ബിവറേജസ് ഔട്ട്ലെറ്റിൽ വരുന്ന വാഹനങ്ങളും ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ബസ് സ്റ്റാൻഡിൽ സെക്യൂരിറ്റി ഗാർഡിനെ നിയോഗിച്ച് കർശന സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തും.
മൂന്ന് വാഹനങ്ങൾക്കെതിരെ കേസ്
മാലിന്യം റോഡരികിൽ തള്ളിയതിന് മൂന്ന് വാഹന ഉടമകൾക്കെതിരെ കേസെടുത്തു. പുലമൺ ഡിമോസ് ഫർണിച്ചർ ഷോറൂമിന് സമീപത്ത് റോഡരികിലാണ് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് മൂന്ന് വാഹനങ്ങളുടെ നമ്പർ സഹിതം അധികൃതർക്ക് കൈമാറി കേസെടുത്തതെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു. പുലമൺ റബർ ബോർഡ് റീജിയണൽ ഓഫീസിന്റെ ഭാഗത്ത് മാലിന്യം തള്ളിയ സംഭവത്തിലും കേസ് എടുത്തിട്ടുണ്ട്.