police
കൊല്ലം സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായുള്ള പോസ്റ്റ് കൊവിഡ് കെയർ പദ്ധതിയുടെ ഉദ്ഘാടനം കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ ഒാഫിസിന് സമീപമുള്ള പൊലീസ് ആശുപത്രിയിൽ സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ നിർവഹിക്കുന്നു

കൊല്ലം: കൊല്ലം സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായുള്ള പോസ്റ്റ് കൊവിഡ് കെയർ പദ്ധതി ആരംഭിച്ചു. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ ഒാഫിസിന് സമീപമുള്ള പൊലീസ് ആശുപത്രിയിൽ സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ നിർവഹിച്ചു. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ പ്രത്യേക ചികിത്സാ ക്രേന്ദ്രം സജ്ജീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം സിറ്റി പൊലീസും കേരളാ പൊലീസ് ഒാഫീസേഴ്‌സ് അസോസിയേഷൻ കൊല്ലം സിറ്റി ഘടകവും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൊവിഡ് ബാധിച്ച സേനാംഗങ്ങൾക്ക് ആറുമാസം നീണ്ടുനിൽക്കുന്ന തുടർ ചികിത്സാ പദ്ധതിയാണ് അസോസിയേഷൻ ലക്ഷ്യമിടുന്നത്. കൊവിഡ് ബാധിച്ച സേനാംഗങ്ങളുടെ ചികിത്സയും തുടർചികിത്സയും ഇതുവഴി ഉറപ്പാക്കും. ഇതുവരെ കൊല്ലം സിറ്റിയിൽ 252 പോലീസ് ഉദ്യോഗസ്ഥർക്കാണ് കൊവിഡ് ബാധിച്ചത്. രോഗബാധിതരെ നിലവിൽ കൊല്ലം ജില്ലാ ആശുപത്രിക്ക് സമീപമുള്ള ഷൈൻസ് കോംപ്ലക്‌സിലെ രണ്ടു നിലകളിലായി സജ്ജീകരിച്ച പ്രത്യേക കൊവിഡ് പ്രാഥമിക ചികിത്സാ ക്രേന്ദ്രത്തിലാണ് ചികിത്സിക്കുന്നത്. കൊല്ലം കോർപ്പറേഷൻ, ആരോഗ്യവകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുടെ സഹകരണത്തോടെയാണ് ചികിത്സാക്രേന്ദ്രം പ്രവർത്തിക്കുന്നത്. കൊല്ലം ജില്ലാ ആശുപത്രിയിലെ ഡോ. ഹരീഷ് മണിയുടെ 24 മണിക്കൂർ സേവനവും ആരോഗ്യവകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. പദ്ധതിക്കാവശ്യമായ ഡോക്ടർമാരുടെ പാനലും മരുന്നുകളും നൽകിയത് പാലത്തറ എൻ.എസ് ആശുപത്രിയും ജില്ലാ ആരോഗ്യവകുപ്പുമാണ്. കേരളാ പൊലീസ് ഒാഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഡി.കെ. പൃഥ്വിരാജ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.ഒ.എ സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പർ കെ. സുനി അദ്ധ്യക്ഷത വഹിച്ചു. അഡി. എസ്.പി ജോസി ചെറിയാൻ, കൊല്ലം അസി. പൊലീസ് കമ്മിഷണർ എ. പ്രദീപ് കുമാർ, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി എം.സി. പ്രശാന്തൻ, ജോയിന്റ് സെക്രട്ടറി കെ. ഉദയൻ എന്നിവർ പങ്കെടുത്തു. പൾമനോളജിസ്റ്റുകളായ ഡോ. അരുൾ ജൂഡ് അൽഫോൺസ്,
ഡോ. സോണിയ, ഫിസീഷ്യൻ ഡോ. രേണുചന്ദ്രൻ, ഡോ. ഹരീഷ് മണി, പൊലീസ് ആശു
പ്രതി ഡോ. അഞ്ജു ജയകുമാർ എന്നിവർ നേതൃത്വം നൽകി.