photo
തുറയിൽക്കടവിൽ പുതുതായി നിർമ്മിക്കുന്ന ബോട്ട്ജെട്ടി.

കേരള കൗമുദി വാർത്ത തുണയായി

കരുനാഗപ്പള്ളി: തുറയിൽക്കടവിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ ജീർണിച്ച ബോട്ട് ജെട്ടി പുനർ നിർമ്മിക്കുന്നു. 28 ലക്ഷം രൂപ മുതൽ മുടക്കി ഉൾനാടൻ ജലഗതാഗത വകുപ്പാണ് പുതിയ ബോട്ട് ജെട്ടി നിർമ്മിക്കുന്നത്. ജലഗാതാഗതത്തിന്റെ ആദ്യ നാളുകളിൽ തുറയിൽക്കടവ് കരുനാഗപ്പള്ളിയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. അന്ന് കൊല്ലത്ത് നിന്നും ആലപ്പുഴക്ക് പോകുന്ന യാത്രാ ബോട്ടുകൾക്ക് തുറയിൽക്കടവിൽ സ്റ്റോപ്പും ഉണ്ടായിരുന്നു. നാല് പതിറ്റാണ്ട് പഴക്കമുള്ളതും ജീർണിച്ച് ഭാഗികമായി തകർന്നതുമായ ബോട്ട് ജെട്ടിയാണ് ഉൾനാടൻ ജലഗതാഗത വകുപ്പ് മുൻകൈ എടുത്ത് ഇപ്പോൾ പുനർ നിർമ്മിച്ച് തുടങ്ങിയത്

7 മീറ്റർ നീളത്തിലും 2.30 മീറ്റർ വീതിയിലും

4 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകും

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ബോട്ട് ജെട്ടിയുടെ നിർമ്മാണം. 7 മീറ്റർ നീളത്തിലും 2.30 മീറ്റർ വീതിയിലുമാണ് പുതിയ ബോട്ട് ജെട്ടി നിർമ്മിക്കുന്നത്. കായലിൽ നിർമ്മിച്ച 12 പൈലുകൾക്ക് മീതേയാണ് ഫ്ലാറ്റ്ഫോം തീർത്തിട്ടുള്ളത്. ഫ്ലാറ്റ് ഫോമിന് മീതേ മേൽക്കൂരക്കായി 8 പില്ലറുകളുടെ നിർമ്മാണവും പുരോഗമിക്കുന്നു. യാത്രക്കാർക്ക് ഇരിക്കുന്നതിനുള്ള സംവിധാനവും ഉണ്ട്. 4 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കരാറുകാരന് നൽകിയിട്ടുള്ള നിർദ്ദേശം.

പ്രധാന വ്യാപാര കേന്ദ്രങ്ങൾ

റോഡ് ഗതാഗതം പുരോഗമിക്കുന്നതിന് മുമ്പ് കായൽ കടവുകളായിരുന്നു പ്രധാന വ്യാപാര കേന്ദ്രങ്ങൾ. കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന കശുഅണ്ടി ഫാക്ടറികൾക്ക് ആവശ്യമുള്ള കശുഅണ്ടി കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുംവലിയ കെട്ട് വള്ളങ്ങളിൽ തുറയിൽക്കടവിൽ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നാണ് കാളവണ്ടികളിലും കൈവണ്ടികളിലുമായി കശുഅണ്ടി ഫാക്ഠറികളിലേക്ക് കൊണ്ട് പോയിരുന്നത്. റോഡ് ഗതാഗതം വികസിച്ചതോടെ കായൽ തീരങ്ങളിലുള്ള കടവുകളുടെ പ്രാദ്ധാന്യം കുറഞ്ഞു. യാത്രാ ബോട്ടുകളുടെ സർവീസും നിറുത്തിയതോടെ തുറയിൽക്കടവിന്റെ പ്രതാപം നഷ്ടപ്പെട്ടിരുന്നു.വിനോദ സഞ്ചാരികൾക്കായി ബോട്ട് സർവീസ് പുനരാരംഭിച്ചപ്പോൾ തുറയിൽക്കടവിൽ ബോട്ടുകൾക്ക് സ്റ്റോപ്പ് വീണ്ടും അനുവദിച്ചിരുന്നു.ജീർണിച്ച ബോട്ട് ജെട്ടിയിൽ ബോട്ടുകൾ അടുപ്പിക്കാൻ കഴിയാതെ വന്നതോടെ കേരള കൗമുദി ഒന്നിലധികം പ്രാവശ്യം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുർന്നാണ് പുതിയ ബോട്ട് ജെട്ടിയുടെ നിർമ്മാണം ആരംഭിച്ചത്.