navas
നിർമ്മാണത്തിനായി ഇറക്കിയ സാധനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ

ശാസ്താംകോട്ട: കാരാളിമുക്ക് - കോതപുരം റോഡിലെ തലയിണക്കാവ് റെയിൽവേ ക്രോസിൽ അടിപ്പാത നിർമ്മാണം അനിശ്ചിതത്വത്തിൽ. പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ കോതപുരം ഭാഗത്തുള്ളവരുടെയും മൺറോത്തുരുത്ത് പഞ്ചായത്തിലെ കിടപ്രം ഭാഗത്തുള്ളവരുടെയും സ്വപ്നമായിരുന്നു തലയിണക്കാവിലെ അടിപ്പാത. തലയിണക്കാവിൽ റെയിൽവേ അടിപ്പാത നിർമ്മാണത്തിനായി ടെൻഡർ നടപടിക പൂർത്തിയാക്കി കരാർ നൽകുകയും നിർമ്മാണത്തിനായി സാമഗ്രികൾ ഇറക്കുകയും ചെയ്തെങ്കിലും തുടർ നടപടികളുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കോതപുരം, കിടപ്രം മേഖലയിലുള്ളവർക്ക് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്താനും ചവറ, കരുനാഗപ്പള്ളി, അടൂർ, കൊട്ടാരക്കര ഭാഗങ്ങളിലേക്ക് പോകാനും തലയിണക്കാവിലെ ലെവൽ ക്രോസ് കഴിഞ്ഞ് വേണം പ്രധാന ജംഗ്ഷനായ കാരാളിമുക്കിലെത്താൻ. തലയിണക്കാവിനൊപ്പം ടെൻഡർ നടപടി പൂർത്തീകരിച്ച പെരുമണിൽ അടിപ്പാത നിർമ്മാണം പൂർത്തീകരിച്ചെങ്കിലും തലയിണക്കാവിലെ അടിപ്പാത നിർമ്മാണത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

യാത്രക്കാരെ വലച്ച് റെയിൽവേ ഗേറ്റ്

ഇടയ്ക്കിടെ തകരാറിലാവുന്ന റെയിൽവേ ഗേറ്റ് യാത്രക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഗേറ്റ് തകരാറിലായാൽ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ചാൽ മാത്രമാണ് കാരാളിമുക്കിലെത്താൻ സാധിക്കുക. വെസ്റ്റ് കല്ലട ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് എത്താനുള്ള ഏക സ്വകാര്യ ബസും ഈ റൂട്ടിലൂടെയാണ് ഒാടുന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ അയവുവന്നപ്പോൾ ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു. തുടർന്ന് റെയിൽവേ ഗേറ്റ് അടഞ്ഞു തുടങ്ങിയതോടെ ആശുപത്രി കേസുൾപ്പടെയുള്ള അത്യാവശ്യങ്ങൾക്ക് പോകുന്നവർ ലെവൽ ക്രോസിൽ ഏറെ നേരം കുടുങ്ങിക്കിടക്കുന്ന സ്ഥിതിയാണ്. ഇരട്ടപ്പാതയായതിനാൽ ചില സമയങ്ങളിൽ അരമണിക്കൂറോളം കാത്തുനിൽക്കേണ്ടി വരുമെന്ന് നാട്ടുകാർ പറയുന്നു.

അധികൃതരുടെ അനാസ്ഥ മൂലമാണ് തലയിണക്കാവിലെ റെയിൽവേ അണ്ടർ പാസേജ് നിർമ്മാണം അനന്തമായി നീളുന്നത്. നാട്ടുകാരുടെ ചിരകാല സ്വപ്നമായ അണ്ടർ പാസേജ് നിർമ്മാണത്തിന് ജനപ്രതിനിധികൾ മുൻകൈയെടുക്കണം.

പ്രശാന്ത് പതിയിൽ

പ്രദേശവാസി

തലയിണക്കാവിലെ റെയിൽവേ അടിപ്പാത നിർമ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കാനുള്ള ശ്രമം നടത്തിവരുകയാണ്. ഈ മാസം അവസാനത്തോടെ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ഡോ. സി. ഉണ്ണിക്കൃഷ്ണൻ

പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്