കഴിഞ്ഞ ആഴ്ചയുടെ തുടർച്ചയല്ല ഇക്കുറി. പാലുകാച്ചൽ ചടങ്ങിന്റെ സംശയം ദുരീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപ്പേർ വിളിക്കുകയും കത്തുകൾ അയയ്ക്കുകയും ചെയ്യുന്നതിനാൽ ഈ ലക്കം പാലു കാച്ചൽ ചടങ്ങിനായി മാറ്റിവയ്ക്കുന്നു. മകരമാസം പാലു കാച്ചലിന്റെ മാസമാണല്ലോ.
ഓരോ നാട്ടിലും വ്യത്യസ്തമായ ആചാരങ്ങളാണുളളത്. ഇതിൽ ശാസ്ത്ര യുക്തി എത്രത്തോളമുണ്ടെന്ന് പറയാൻ കഴിയില്ല. എന്നിരുന്നാലും കേരളത്തിൽ പൊതുവെ കാണുന്ന കാര്യങ്ങൾ നോക്കാം. പാലുകാച്ചലിന് ഒരുങ്ങേണ്ടത് തലേ ദിവസമാണ്. ആദ്യ ചടങ്ങും തലേന്ന് തന്നെ. ഓരോരുത്തരുടെ വിശ്വാസപ്രകാരം പൂജകൾ ചെയ്യാറുണ്ട്. വീട് വൃത്തിയായി കഴുകി വെടിപ്പാക്കണം. തലേ നാൾ വാസ്തു ബലിയോ , വാസ്തു പൂജയോ, ഭഗവതി സേവയോ ഒക്കെ ചെയ്യാറുണ്ട്. മഹാവിഷ്ണു പൂജയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. പുതിയ വീട്ടിൽ ധനത്തിനും സമാധനത്തിനും ഐശ്വര്യത്തിനുമാണ് തലേന്നാൾ വിഷ്ണുപൂജ ചെയ്യുക. കേരളത്തിൽ അങ്ങോളമിങ്ങോളം ഈ ചടങ്ങ് കാണാം.ഏത് പൂജയാണോ ചെയ്യുന്നത് അത് കഴിഞ്ഞ ശേഷം വീടിന്റെ താക്കോൽ വാങ്ങുന്നതാണ് പ്രധാനം. വീടിന്റെ നിർമ്മാണ ഘട്ടങ്ങളിൽ പ്രവർത്തിച്ച പ്രധാനികളെ ക്ഷണിച്ച് വരുത്തണം. വാസ്തു ശാസ്ത്രകാരൻ, മുഖ്യമേസ്തിരി , ആശാരി, പ്രധാന പണിക്കാർ എന്നിവരെയാണ് തലേന്ന് വരുത്തുന്നത്. മലബാറിൽ ജോലിക്കാരെ മുഴുവൻ വിളിച്ചുവരുത്തുന്നിടവുമുണ്ട്. തെക്കൻ ജില്ലകളിൽ പ്രധാനമേസ്തിരിയെയും , വാസ്തുകാരനെയും മാത്രം ക്ഷണിച്ച് വരുത്തുന്നതും കാണാം. ജോലിക്കാർക്ക് തലേന്ന് പ്രത്യേക ഭക്ഷണമൊരുക്കുന്നവരുമുണ്ട്.ജോലി ചെയ്തവരുടെയും വീട് വയ്പിന് സഹായിച്ചവരുടെയും മനസ് സന്തോഷമാക്കി തുടങ്ങുക എന്നൊരു തത്വമാണ് ഇതിന് പിന്നിലുള്ളത്. ഇവരുടെ മനസ് പ്രീതിപ്പെടുത്തലും ഇഷ്ട തുടക്കത്തിന് അനുമതി ചോദിക്കലുമാണ് തലേന്ന് ചെയ്യുന്നത്.
പ്രധാനപ്പെട്ടവർക്ക് വസ്ത്രവും ദക്ഷിണയും കൊടുത്ത് പ്രീതിപ്പെടുത്തുന്നു. ശേഷം മുഖ്യമേസ്തിരിയിൽ നിന്നും വാസ്തുകാരനിൽ നിന്നും വീടിന്റെ ഓരോ താക്കോൽ വീട്ടുടമ വാങ്ങും.ഇത് കോർത്ത് ഗൃഹനാഥനോ നായികയോ സൂക്ഷിക്കണം . ശേഷം പുതിയ വീട് പൂട്ടിയിടുന്നു.പുലർച്ചെ വീട് മാലചാർത്തി അലങ്കരിക്കാറുണ്ട്.
രാവിലെ കന്നിമുറിയിൽ ഗണപതി ഹോമവും വാസ്തുബലിയും നടത്താറുണ്ട്. ഗൃഹപ്രവേശനമാണ് അടുത്തത്. വീടിന്റെ പ്രധാനവാതിലിനുമുന്നിൽ പ്രദക്ഷിണ വഴിയായി ഗൃഹനായികയോ വീട്ടിലെ മുതിർന്ന അംഗമോ ഏറ്റവും മുന്നിൽ നിൽക്കണം. കൈയിൽ ഒരു കുടം നിറയെ ജലം വേണം. തൊട്ടുപിന്നിൽ നിൽക്കുന്ന ആൾ നിലവിളക്ക് പിടിക്കണം. അതിന്റെ പിന്നിൽ താലവും അഷ്ടമംഗലവും നിൽക്കണം. മറ്റൊരു പാത്രത്തിലോ താലത്തിലോ അടുക്കളയിൽ ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം കുറച്ചു വീതം കരുതണം. അരിമുതൽ പഞ്ചസാരവരെ ആകാം. കുടുബത്തിലെ എല്ലാവരും പിന്നിലുണ്ടാവണം. ഗൃഹനായിക നിറകുടവുമായും മറ്റുളളവർ പിന്നിലായും വീടിനെ വലം വയ്ക്കണം.യാതൊരു കാരണവശാലും നിലവിളക്ക് ആദ്യം വീട്ടിനുളളിൽ കയറ്റരുത്.നിറകുടവുമായി കയറിയാൽ വീട്ടിൽ സർവ്വൈശ്വര്യങ്ങളും നിറയുമെന്നാണ് ഭാരതത്തിന്റെ പാരമ്പര്യമായുളള വിശ്വാസം. വീടിനെ വലംവെച്ച് പ്രധാന വാതിൽ വഴി വീടിനുളളിലേയ്ക്ക് കയറണം. നിറകുടം ആദ്യം ഈശാനഭാഗത്തും പിന്നെ അടുക്കളയിലേയ്ക്കും മാറ്റി വയ്ക്കണം. നിലവിളക്ക് പ്രത്യേക ഇലയിട്ട് വയ്ക്കണം. നെയ്യ് വിളക്കായാൽ അത്യുത്തമം. ശേഷം ഗണപതി ഹോമം നടത്തിയ കനലിൽ നിന്ന് തീയെടുത്ത് പാലുകാച്ചണം. പിന്നീട് അവരവരുടെ കഴിവുപോലെ അന്നദാനം നടത്തി വീട്ടിൽ താമസിച്ചു തുടങ്ങാം.പാലുകാച്ചൽ ദിനം തന്നെ വീട്ടീൽ ഉറങ്ങാനും മറക്കരുത്.പാല് തിളച്ച് ഏത് ദിശയിലേയ്ക്കുവീണാലും യാതൊന്നുമില്ലെന്നും തിരിച്ചറിയുക. കാറ്റിന്റെ ഗതിയ്ക്കനുസരിച്ചേ പാല് തുളുമ്പി വീഴൂ.