kappa

 വിപണിയിൽ വില ഉയരുന്നു

കൊല്ലം: തീൻമേശയിലെ നാടൻ വിഭവമായ കപ്പയ്ക്കും ഡിമാൻഡേറുന്നു. ജില്ലയിൽ കപ്പയ്ക്ക് ഓരോ സ്ഥലത്തും പല വിലയാണ് ഈടാക്കുന്നത്. കിഴക്കൻ മേഖലയിൽ മുപ്പത് രൂപയാണെങ്കിൽ നഗരത്തിലെത്തുമ്പോൾ അറുപതുവരെയാകും.

കപ്പക്കൃഷി കൂടുതലായുള്ള കൊട്ടാരക്കര, അമ്പലപ്പുറം, എഴുകോൺ, നിലമേൽ ഭാഗങ്ങളിൽ പരമാവധി ഇരുപത് രൂപയ്ക്ക് ലഭിച്ചിരുന്ന കപ്പയാണ് പൊള്ളുന്ന വിലയിലേക്ക് കുതിക്കുന്നത്. കഴിഞ്ഞ ആഴ്ചവരെ പരമാവധി മുപ്പത് രൂപയേ ഉണ്ടായിരുന്നുള്ളൂ. വില ഉയർന്നെങ്കിലും കർഷകർക്ക് ലഭിക്കുന്നത് നാമമാത്രമായ തുകമാത്രമാണ്.

ഇടനിലക്കാരുടെ ഇടപെടലാണ് കപ്പ വില വില ഇത്രയും ഉയരാൻ കാരണം. കൊട്ടാരക്കര അമ്പലത്തുംകാല കാർഷിക വിപണിയിൽ കപ്പയ്ക്ക് പത്ത് മുതൽ പന്ത്രണ്ട് രൂപവരെയാണ് കർഷകർക്ക് ലഭിക്കുന്നത്. ബുധനാഴ്ചകളിൽ നടക്കുന്ന കാർഷിക വിപണിയിൽ വിൽക്കുന്ന കപ്പ വില തൊട്ടടുത്ത ആഴ്ചയിലാണ് ലഭിക്കുന്നത്.

ഇവിടങ്ങളിൽ നിന്ന് ഇടനിലക്കാർ മേഖേന മാത്രമേ നഗരത്തിലും മറ്റും കപ്പ എത്തുകയുള്ളൂ. അതുകൊണ്ടുതന്നെ വിപണിയിൽ വില നിശ്ചയിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നതും ഇവരാണ്.

 നീർവീഴ്ചയുള്ള മണ്ണ് അനുയോജ്യം


ആറ് മുതൽ പത്തുമാസം കൊണ്ട് വിളവെടുക്കാവുന്ന തരത്തിലുള്ള കപ്പയ്ക്ക് നീർവാഴ്ചയുള്ള മണ്ണാണ് അനുയോജ്യം. അതുകൊണ്ട് തന്നെ കൂടുതലായും മലയോരമേഖലകളിലും ചെമ്മണ്ണ് കൂടുതലുള്ള സ്ഥലങ്ങളിലുമാണ് കൃഷിചെയ്യുന്നത്.

 കർഷകർക്ക് ലഭിക്കുന്നത്

10 - 12 രൂപ


 മരച്ചീനി വില (ഒരുകിലോയ്‌ക്ക് )


കിഴക്കൻ മലയോര മേഖല: 25 - 30 രൂപ
കൊട്ടാരക്കര: 25 - 30 രൂപ
കൊല്ലം കമ്പോളം: 35 - 50 രൂപ
ചെറുകിട കച്ചവടം: 40 - 60 രൂപ
നഗരത്തോട് ചേർന്ന ഗ്രാമങ്ങൾ: 40 - 60 രൂപ