train
ട്രെയിൻ കടന്നു പോകുന്നു. (പാലത്തിൽ നിന്നുള്ള ദൃശ്യം)

തെന്മല : കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പല പാലങ്ങളും പുതുക്കിപ്പണിതെങ്കിലും 115 വർഷത്തിന് മേൽ പ്രായമുള്ള പുനലൂർ വാളക്കോട് പാലം ഇപ്പോഴും പഴയപടി. പുനലൂർ നഗരത്തിന്റെ കിഴക്ക് ഭാഗത്തെ പ്രവേശന കവാടമാണ് പാലം. പുനലൂർ നഗരത്തിന്റെ കുപ്പിക്കഴുത്തെന്ന് കുപ്രസിദ്ധി നേടിയ പാലം നവീകരിക്കാൻ മരാമത്തുവകുപ്പ് സമർപ്പിച്ച പദ്ധതികളിൽ ഒന്നുപോലും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പരിഗണിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. പാതയുടെ പകുതി ഉൾക്കൊള്ളുന്ന തമിഴ്‌നാട്ടിൽ അടിക്കടി കോടികളുടെ നവീകരണ പദ്ധതികൾ നടക്കുമ്പോൾ വല്ലപ്പോഴും നടക്കുന്ന കുഴിനികത്തലും ടാറിങ്ങുമായി കേരളത്തിൽ ദേശീയപാത നവീകരണം ചുരുങ്ങുകയാണ്.

പാലത്തിന് വീതിയില്ല

1904-ൽ കൊല്ലം-ചെങ്കോട്ട മീറ്റർഗേജ് തീവണ്ടി സർവീസിന്റെ ഭാഗമായി നിർമ്മിച്ച പാലമാണ് വാളക്കോട്ടേത്. അന്നുണ്ടായിരുന്നതിന്റെ പലമടങ്ങ് വാഹനങ്ങൾ കടന്നുപോകുമ്പോഴും അന്നുണ്ടായിരുന്നതിൽ നിന്ന്‌ ഒരിഞ്ചുപോലും വീതി പാലത്തിന് വർദ്ധിച്ചിട്ടില്ല.ആറുമുതൽ 12 വരെ മീറ്ററാണ് കേരളത്തിൽ ദേശീയപാതയുടെ വീതി. ഇതിൽ പുനലൂർ ഭാഗത്ത് 7 മുതൽ 10 മീറ്റർവരെ വീതിയുണ്ട്. എന്നാൽ വാളക്കോട്ട് പാലത്തിലെത്തുമ്പോൾ ഇത് കഷ്ടിച്ച് 5 മീറ്ററായി ചുരുങ്ങുകയാണ്. ഒരുസമയം ഒരുവശത്തേക്കുമാത്രമേ വാഹനങ്ങൾക്ക് കടന്നുപോകാനാവൂ. ഇത്രയും സമയം എതിർവശത്ത് വാഹനങ്ങൾ കാത്തുകിടക്കണം.

നവീകരണ പദ്ധതിയ്ക്ക് അനുമതി ലഭിച്ചില്ല

2010-ൽ ആരംഭിച്ച റെയിൽവേ ഗേജ്മാറ്റത്തിന്റെ ഭാഗമായി പാലം പുനരുദ്ധരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പാലം മരാമത്ത് വകുപ്പിന്റേതാണെന്നു ചൂണ്ടിക്കാട്ടി റെയിൽവേ ഒഴിഞ്ഞു. പകരം പാലത്തിന്റെ ഉൾഭാഗം ബലപ്പെടുത്തി റയിൽവേ ബ്രോഡ്‌ഗേജാക്കി. ദേശീയപാതവിഭാഗം നവീകരണ പദ്ധതി തയ്യാറാക്കി സമർപ്പിച്ചെങ്കിലും അനുമതി ലഭിച്ചില്ല, രാഷ്ട്രീയ സമ്മർദ്ദമുണ്ടായുമില്ലെന്നും ആക്ഷേപമുണ്ട്. കൂടാതെ ഇതുവഴി നടപ്പാത ഇല്ലാത്തതാണ് മറ്റൊരു പ്രശ്നം. ഇതുമൂലം സമീപത്തെ സ്കൂളിലെ പലകുട്ടികളും ഇവിടെ അപകടത്തിൽപ്പെട്ടിട്ടുമുണ്ട്. 16 വർഷംമുൻപ് വിദ്യാർഥിനി പാലത്തിൽവെച്ച് ലോറിയിടിച്ചു മരിച്ച സംഭവം ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. പാലത്തിന്റെ കൈവരിക്കും ലോറിക്കുമിടയിൽ ഞെരിഞ്ഞമർന്നായിരുന്നു കുട്ടിയുടെ അന്ത്യം.


നടപ്പാത ഇല്ലാത്തത് വിദ്യാർത്ഥികളെയടക്കം വലയ്ക്കുന്നു

പാലത്തിന്റെ സമീപത്തായുള്ള നടപ്പാത ഇപ്പോൾ കാടു കയറി നശിച്ചിരിക്കുകയാണ്. ലോക്ക്ഡൗണിനു ശേഷം 10, 12 ക്ലാസുകൾ ആരംഭിച്ചിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ഈ നടപ്പാത നന്നാക്കാൻ നടപടിയില്ല. സമീപത്തെ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളടക്കം ആശ്രയിക്കുന്ന നടപ്പാതയാണിത്. ഇതോടെ നടപ്പാത എത്രയും വേഗം സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.