bridege
കൊല്ലം ​പെ​രു​മ​ൺ​-​ ​പേ​ഴും​തു​രു​ത്ത് പാലം നിർമ്മാണത്തിനായി എത്തിച്ച സാധനസാമഗ്രികൾ

 ഭരണിക്കാവ്- കൊല്ലം യാത്ര 15 കിലോ മീറ്ററാകും

കൊല്ലം: വികസനത്തിന്റെ തേരുപോല പെരുമൺ- പേഴുംതുരുത്ത് പാലം യാഥാർത്ഥ്യത്തിലേയ്ക്ക് അടുക്കുന്നു. എന്നാൽ മൺറോത്തുരുത്തിന്റെ മറുകരയിൽ പടിഞ്ഞാറെകല്ലടയിലേക്ക് കണ്ണങ്കാട്ട്കടവ് പാലവും യാഥാർത്ഥ്യമായെങ്കിലേ ജനങ്ങൾക്ക് ഉപകാരപ്രദമാകൂ.

അങ്ങനെ വന്നാൽ അതിവേഗം ജില്ലയുടെ വടക്കൻ മേഖയിലെത്താനാകും. ശാസ്താംകോട്ട ഭരണിക്കാവിൽ നിന്ന് കൊല്ലത്തേക്കുള്ള ദൂരം 15 കിലോ മീറ്ററായി കുറയുകയും ചെയ്യും. ഇപ്പോൾ കുണ്ടറ, ചവറ റോഡുകളിലൂടെ 28 കിലോമീറ്ററിലേറെ താണ്ടിയാണ് കൊല്ലത്ത് എത്തുന്നത്.

രണ്ട് പാലങ്ങൾ വരുമ്പോൾ പ്രയോജനം ലഭിക്കുന്നത് മൺറോതുരുത്തുകാർക്ക് മാത്രമല്ല, ജില്ലയിലെമ്പാടുമുള്ളവർക്കാണ്. കുന്നത്തൂർ, ശാസ്താംകോട്ട മേഖലയിൽ നിന്ന് ആയിരക്കണക്കിന് പേരാണ് നിത്യേന കൊല്ലത്തേക്ക് വരുന്നത്. കൊല്ലത്തുള്ളവർ ചവറ വഴിയോ കുണ്ടറ വഴിയോ ആണ് ശാസ്താംകോട്ട, കുന്നത്തൂർ ഭാഗങ്ങളിലേക്ക് പോകുന്നത്. ഈ നീണ്ട യാത്രയ്ക്ക് വേണ്ടിവരുന്ന സമയവും ചെലവും മൺറോത്തുരത്തിലേക്കുള്ള പാലങ്ങൾ വരുന്നതോടെ ലാഭിക്കാം.

രണ്ട് പാലങ്ങൾ യാഥാർത്ഥ്യമാകുമ്പോൾ കൊല്ലത്തിനും കരുനാഗപ്പള്ളിക്കും ഇടയിൽ സമാന്തര പാതയാണ് രൂപപ്പെടുന്നത്. ഈ പാത വഴി ചവറയിൽ എത്താതെ തന്നെ നേരെ കരുനാഗപ്പള്ളിയിൽ പോകാമെന്ന പ്രയോജനവുമുണ്ട്.

 പെരുമൺ പാലം

നീളം: 396 മീറ്റർ

വീതി: 11 മീറ്റർ

ആകെ പൈലുകൾ: 80

പദ്ധതി തുക: 42.52 കോടി

നിർമ്മാണോദ്ഘാടനം: 2020 നവംബർ 3ന്

നിർമ്മാണ നടപടി തുടങ്ങിയത്: 10 വർഷം മുൻപ്

 പെരുമൺ- പേഴുംതുരുത്ത്

പാലം പൈലിംഗ് തുടങ്ങി

പെരുമൺ- പേഴുംതുരുത്ത് പാലം നിർമ്മാണത്തിനുള്ള പൈലിംഗ് തുടങ്ങി. 11.5 മീറ്ററാണ് പാലത്തിന്റെ വീതി. ഏഴ് മീറ്ററിലാണ് റോഡ്. ബാക്കി ഭാഗം നടപ്പാതയാണ്. നീളം 396 മീറ്റർണ്. തൂക്കുപാലങ്ങളുടെ നിർമ്മാണ രീതി കൂടി സംയോജിപ്പിച്ചാണ് രൂപരേഖ തയ്യറാക്കിയിരിക്കുന്നത്. പാലത്തിന്റെ നടുക്ക് ഭാഗത്ത് 14 മീറ്റർ വീതിയുണ്ടാകും. 11 സ്പാനുകളാണ് ആകെയുള്ളത്. ഇതിൽ നടുവിലേതിന് 70 മീറ്റർ നീളമാണ്. 42 മീറ്റർ നീളമുള്ള രണ്ട് സ്പാനുകളും ബാക്കി എട്ടെണ്ണം 30 മീറ്റർ നീളത്തിലുമാണ്. അഷ്ടമുടി കായലിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഇരുവശത്തും രണ്ട് മീറ്റർ വീതിയുള്ള നടപ്പാതയുള്ള പാലം കൂടിയാണ് വരുന്നത്.

 കണ്ണങ്കാട്ട് കടവ് പാലവും യാഥാർത്ഥ്യത്തിലേക്ക്

മൺറോത്തുരുത്തിലെ കണ്ണങ്കാട്ട് കടവിനെയും പടിഞ്ഞാറെകല്ലട ഭാഗത്തുള്ള കോതപുരത്തെയും ബന്ധിപ്പിക്കുന്ന പാലത്തിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. കോതപുരത്ത് നിന്ന് പടിഞ്ഞാറെകല്ലട ഭാഗത്തേക്കുള്ള അപ്രോച്ച് റോഡിന് സ്ഥലമേറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. ഏറ്റെടുക്കേണ്ട സ്ഥലം അളന്ന് തിട്ടപ്പെടുത്തി കല്ലിട്ടു. വിലനിർണയ നടപടികൾ നടക്കുകയാണ്. 27.78 കോടിയാണ് പാലത്തിനായി കിഫ്ബിയിൽ നിന്ന് അനുവദിച്ചിരിക്കുന്നത്. 136 മീറ്ററാണ് നീളം, നാല് സ്പാനുകളാണുള്ളത്.