സി.പി.എം- സി.പി.ഐ ധാരണയായി
കൊല്ലം: ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് 15ന് നടക്കും. ചെയർമാൻ സ്ഥാനങ്ങൾ വീതംവയ്ക്കുന്നത് സംബന്ധിച്ച് സി.പി.എമ്മും സി.പി.ഐയും ധാരണയിലെത്തി. വികസനം, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ അഞ്ചുവർഷവും സി.പി.എമ്മിനാണ്. ഈ സ്ഥാനങ്ങളിൽ നജീബത്തും വസന്താ രമേശും വന്നേയ്ക്കുമെന്നാണ് സൂചന.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി രണ്ടര വർഷം വീതം സി.പി.എമ്മും സി.പി.ഐയും പങ്കിടും. ആദ്യവർഷം സി.പി.എമ്മിനാണ്. കുന്നത്തൂരിൽ നിന്നുള്ള സി.പി.എമ്മിന്റെ ജില്ലാ പഞ്ചായത്തംഗം ഡോ. പി.കെ. ഗോപൻ ചെയർമാനായേക്കും. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അഞ്ചുവർഷവും സി.പി.ഐയ്ക്കാണ്. സി.പി.ഐയിലെ അനിൽ.എസ് കല്ലേലിഭാഗമായിരിക്കും ചെയർമാനെന്നറിയുന്നു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരിക്കും. രണ്ടര കൊല്ലം വീതം സി.പി.എമ്മും സി.പി.ഐയും പങ്കിടും. കഴിഞ്ഞ ജില്ലാ പഞ്ചായത്തിലേത് പോലെ തന്നെയാണ് ഇക്കുറിയും അദ്ധ്യക്ഷ പദവി പങ്കിട്ടത്.
തിരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് തുടങ്ങി
ജില്ലയിൽ ഇടത് മുന്നണി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് തുടങ്ങി. തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ചതുപോലുള്ള വോട്ടും വിജയവും ഉറപ്പാക്കണമെന്ന് പ്രാദേശിക നേതാക്കൾക്ക് നിർദേശം നൽകി. ഇടത് ഭരിക്കുന്ന പഞ്ചായത്തുകളിൽ പരമാവധി ക്ഷേമപ്രവർത്തനങ്ങൾ ഉറപ്പാക്കാനും അത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിയമസഭാ പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിന് മുൻപ് അതാതിടത്തെ മരാമത്ത് ജോലികൾ പൂർത്തിയാക്കാൻ ശ്രമിക്കണം. പഞ്ചായത്ത്, ബ്ലോക്ക് പ്രസിഡന്റുമാരും പ്രാദേശിക നേതാക്കളും വിവാദത്തിന് വഴി കൊടുക്കരുതെന്നും നിർദേശം നൽകി. കുടുംബയോഗങ്ങൾക്കാണ് ഇത്തവണയും ഊന്നൽ നൽകിയിരിക്കുന്നത്.