കൊല്ലം: നഗരത്തിലെ മിക്ക കാത്തിരിപ്പ് കേന്ദ്രങ്ങളും അത്യാധുനിക സംവിധാനങ്ങളോടെ പുനർനിർമ്മിച്ചെങ്കിലും പ്രധാന ജംഗ്‌ഷനുകളിലെ കാലഹരണപ്പെട്ട ചിലത് ജനങ്ങൾക്ക് ദുരിതമാകുന്നു. ചിലയിടങ്ങളിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇപ്പോൾ ഇല്ലെന്ന് തന്നെ പറയാവുന്ന അവസ്ഥയിലും.
റെയിൽവേ സ്റ്റേഷൻ, പുതിയകാവ് ക്ഷേത്രം, പോളയത്തോട്, അഞ്ചുകല്ലുംമൂട്, കടപ്പാക്കട തുടങ്ങി നഗരത്തിലെ മിക്ക കാത്തിരിപ്പ് കേന്ദ്രങ്ങളും ഉപയോഗയോഗ്യമല്ല. വെയിലിൽ നിന്ന് രക്ഷ നൽകുമെങ്കിലും മഴപെയ്താൽ യാത്രക്കാർ നനഞ്ഞ് തന്നെ നിൽക്കണം. മഴ തുടങ്ങുന്നതോടെ ഇവയുടെ വശങ്ങളിൽക്കൂടി വെള്ളം അകത്തേക്ക് കയറും. ഒരുവശത്തേക്ക് മാത്രം ചായ്‌വുള്ള മേൽക്കൂരയും വശങ്ങളിൽ ലംബമായ പരസ്യബോർഡുകൾ വച്ചിരിക്കുന്നതുമാണ് മഴവെള്ളം അകത്തേക്ക് കയറുവാനുള്ള പ്രധാന കാരണം.
പരസ്യവരുമാനം കൂടി പ്രതീക്ഷിച്ച് നിർമ്മിച്ചവയായതിനാലാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ. പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിൽ ആർക്കും എതിർപ്പില്ലെങ്കിലും അകത്തേക്ക് മഴവെള്ളം വീഴുന്നത് തടയുന്നതിനുള്ള സംവിധാനം കൂടി കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഉണ്ടാകണമെന്നാണ് യാത്രക്കാർ പറയുന്നത്.
ഉപയോഗമില്ലാത്തവ ഇവിടങ്ങളിൽ
റെയിൽവേ സ്റ്റേഷൻ, പുതിയകാവ് ക്ഷേത്രം, പോളയത്തോട്, പഴയാറ്റിൻകുഴി, അഞ്ചുകല്ലുംമൂട്, കടപ്പാക്കട, കോൺവെന്റ് ജംഗ്‌ഷൻ.
കാത്തിരിപ്പ് കേന്ദ്രങ്ങളേയില്ല
കല്ലുംതാഴം (ബൈപ്പാസ് ജംഗ്‌ഷൻ), പഴയാറ്റിൻകുഴി, തട്ടാമല സ്‌കൂൾ, പള്ളിമുക്ക് (കൊല്ലം ഭാഗം), വള്ളിക്കീഴ് തുടങ്ങിയ ഇടങ്ങളിൽ