കൊല്ലം: ഗുരുദേവ സാന്നിദ്ധ്യമില്ലാത്ത ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ പുനഃപരിശോധിക്കാനുള്ള തീരുമാനം ശ്ലാഘനീയമാണെന്ന് എസ്.എൻ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ചേർത്തലയിൽ ശ്രീനാരായണാ ട്രസ്റ്റ് എക്സിക്യുട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീഴ്ച ചൂണ്ടിക്കാട്ടി കേരള കൗമുദി വാർത്തകൾ നൽകിയതോടെയാണ് ബന്ധപ്പെട്ടവർ നിലപാട് തിരുത്താൻ തയ്യാറായത്.
കൊല്ലത്ത് ആരംഭിച്ച ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ ലോഗോ ഗുരുദേവനെയും ഗുരുദർശനത്തെയും അടയാളപ്പെടുത്തുന്നതായിരുന്നില്ല. പകരം ധനകാര്യ സ്ഥാപനത്തിന്റെ അടയാളത്തെ അനുകരിച്ച് തയ്യാറാക്കിയ ലോഗോയാണ് പ്രകാശനം ചെയ്തത്. ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിലിന്റെയും ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും വിവിധ പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ലോഗോ പരിശോധിക്കാൻ വിദഗ്ദ്ധസമിതിയെ സർവകലാശാല നിയോഗിച്ചിരിക്കുകയാണ്. അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനും കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോ. വി. മനോജ് എന്നിവർ അംഗങ്ങളുമായ സമിതി മുൻപാകെ മരവിപ്പിച്ച ലോഗോയുടെ പ്രശ്നങ്ങളും പരിമിതികളും തുറന്നുകാട്ടാനുള്ള അവസരം ഒരുക്കിയത് അഭിനന്ദനാർഹമാണെന്നും യോഗം വിലയിരുത്തി.ഗുരുദേവനെയും ഗുരുദർശനത്തെയും പ്രതിനിധാനം ചെയ്യുന്ന കലാമൂല്യമുള്ളതും ഉപയോഗക്ഷമവുമായ ലോഗോ തിരഞ്ഞെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സമരങ്ങളിലും പ്രതിഷേധങ്ങളിലും പങ്കെടുത്ത എല്ലാ സംഘടനകളെയും വ്യക്തികളെയും ഐക്യദാർഢ്യമറിയിച്ച കലാകാരന്മാരെയും സാംസ്കാരിക പ്രവർത്തകരെയും എഴുത്തുകാരെയും യോഗം മുക്തകണ്ഠം പ്രശംസിച്ചു. ചെയർമാൻ ഡോ. എം.എൻ. സോമൻ അദ്ധ്യക്ഷനായി. ട്രഷറർ ഡോ. ജി. ജയദേവൻ അടക്കമുള്ള ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗങ്ങളും സംസാരിച്ചു.