പത്തനാപുരം: നാടക - ചലച്ചിത്ര നടിയും ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്ന പാലാ തങ്കത്തിന്റെ (84) സംസ്കാരം തിരുവനന്തപുരം ശാന്തികവാടത്തിൽ നടന്നു. ഗാന്ധിഭവൻ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതശരീരം ഇന്നലെ രാവിലെ 11 ഓടെ ഗാന്ധിഭവനിൽ പൊതുദർശനത്തിന് വച്ചു.
സിനിമാ താരവും ഗാന്ധിഭവൻ അന്തേവാസിയുമായ ടി.പി മാധവൻ റീത്ത് സമർപ്പിച്ചു. തുടർന്ന് ഉച്ചയ്ക്ക് 12 ഓടെ തിരുവനന്തപുരം ശാന്തികവാടത്തിലേക്ക് കൊണ്ടുപോയി.
ഇവിടെവച്ച് കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിക്ക് വേണ്ടി സെക്രട്ടറി സി. അജോയി, ഫെഫ്കയ്ക്ക് വേണ്ടി ഷോബി തിലകൻ എന്നിവർ റീത്ത് സമർപ്പിച്ചു. വൈകിട്ട് നടന്ന സംസ്കാരത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, പ്രൊഫ. അലിയാർ, ശാന്തിവിള ദിനേശ് എന്നിവർ പങ്കെടുത്തു.
താരങ്ങളും സംഘടനയും അറിഞ്ഞില്ല!
സിനിമയ്ക്കും നാടകത്തിനുമായി ജീവിതം സമർപ്പിച്ച പാലാ തങ്കത്തെ മരണത്തിന് ശേഷവും ചലച്ചിത്രലോകം അവഗണിച്ചെന്ന് ആക്ഷേപം. മരണവിവരം ഗാന്ധിഭവൻ അധികൃതർ സിനിമാസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെയും മറ്റ് പ്രമുഖരെയും അറിയിച്ചിരുന്നു. എന്നാൽ ആരും എത്തിയില്ല.
ഇടവേള ബാബു യാത്രയിലാണെന്നും സംഘടനയ്ക്ക് വേണ്ടി റീത്ത് വയ്ക്കണമെന്നും ഗാന്ധിഭവൻ അധികൃതരെ അറിയിച്ചിരുന്നു. പത്തനാപുരം ഗാന്ധിഭവനിൽ പൊതുദർശത്തിന് വച്ചപ്പോഴാണ് അമ്മയുടെ സ്ഥാപക സെക്രട്ടറിയും ഗാന്ധിഭവൻ അന്തേവാസിയുമായ ടി.പി. മാധവൻ റീത്ത് സമർപ്പിച്ചത്.
കേരള സംഗീത അക്കാഡമി 2018ൽ ഗുരുപൂജാ പുരസ്കാരം നൽകി ആദരിച്ചു. 2013 മുതൽ ഗാന്ധിഭവൻ അന്തേവാസിയാണ് തങ്കം.