കൊല്ലം: മൺറോത്തുരുത്തിൽ നിന്ന് പെരുമണിലേയ്ക്കും കോതപുരത്തേക്കുമുള്ള പാലങ്ങൾ മൺറോത്തുരുത്തുകാരുടെ ചിരകാല സ്വപ്നമാണ്. ഇത്രകാലമായി തുരുത്തിൽ ഒറ്രപ്പെട്ടത് പോലെയായിരുന്നു ജീവിതം. ആർക്കെങ്കിലും അത്യാഹിതം ഉണ്ടായാൽ പകൽ ജങ്കാർ ഇഴഞ്ഞെത്തുന്നത് കാത്തുനിൽക്കണം.
രാത്രിയാണെങ്കിൽ വള്ളക്കാരെ തിരഞ്ഞ് പായണം. ഇങ്ങനെ സമയത്ത് ആശുപത്രിയിലെത്തിക്കാനാകാതെ എത്രയോ ജീവനുകളാണ് പൊലിഞ്ഞത്. ജങ്കാർ സമയത്ത് എത്താതെ എത്രയോ വിദ്യാർത്ഥികൾക്ക് പരീക്ഷ മുടങ്ങി. അതുപോലെ തന്നെയാണ് ജോലിക്ക് പോകുന്നവരും. പാലത്തിന് വേണ്ടി ആരെല്ലാം സർക്കാർ ഓഫീസുകൾ കയറിയിറങ്ങി. ഇങ്ങനെ എന്തെല്ലാം വിഷമങ്ങൾ.
മൺറോത്തുത്തുകാരുടെ മാത്രമല്ല ജില്ലയുടെ വടക്കൻ മേഖലയിൽ ഉള്ളവരുടെയും സ്ഥിതി ഇതാണ്. മൺറോത്തുരുത്തിലേക്ക് രണ്ട് പാലങ്ങൾ വന്നാൽ തെളിയുന്നത് ജില്ലയുടെ സുവർണപാതയാണ്. ജില്ലയുടെ ഹൃദയത്തിൽ നിന്ന് വടക്കേക്കുള്ള ദൂരവും സമയവും കുറയ്ക്കുന്ന സുവർണപാത. അതിൽ പെരുമൺ - പേഴുംതുരുത്ത് പാലം കരകയറിത്തുടങ്ങി. കണ്ണങ്ങാട് കടവ് പാലം കരകാണാനാകാതെ നിൽക്കുകയാണ്. പെരുമൺ- പേഴുംതുരുത്ത് പാലം നിർമ്മാണം കിതയ്ക്കാതെ മുന്നോട്ട് പോകണം. കണ്ണങ്കാട്ട് കടവ് പാലം നിർമ്മാണ നടപടികൾ വേഗത്തിൽ കരയ്ക്കടുപ്പിക്കണം. അതിന് ജനപ്രതിനിധികളുടെ നിരന്തര ഇടപെടലുണ്ടാകണം.