1
ഇടതു-വലതു യുവജന സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ഒരാഴ്ചക്കാലമായി പൊട്ടിക്കിടന്ന പൈപ്പ് ലൈൻ നന്നാക്കാൻ നടപടിയായി

തെന്മല : തെന്മലയിൽ കടുവപാറയ്ക്ക് സമീപം ഒരാഴ്ചക്കാലമായി പൊട്ടിക്കിടന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ നന്നാക്കാൻ നടപടിയായി. യുവജനസംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി. പൈപ്പ് പൊട്ടിയതിനെത്തുടർന്ന് തെന്മലഗ്രാമപഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച് വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണം താത്ക്കാലികമായി വാട്ടർ അതോറിട്ടി അധികൃതർ നിറുത്തിവച്ചിരുന്നു. ഒരാഴ്ചയായിട്ടും പൊട്ടിയ പൈപ്പ് ലൈൻ നന്നാക്കാനും അധികൃതർ തയ്യാറായില്ല. ഇതോടെ വാർഡുകളിൽ കുടിവെള്ളം ക്ഷാമവും രൂക്ഷമായി. നാട്ടുകാർ വാട്ടർ അതോറിട്ടി അധികൃതർക്കടക്കം പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഇതേത്തുടർന്നാണ് ഡി.വൈ.എഫ്.ഐയും യൂത്ത് കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തിയത്.

തെന്മല യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി

ചൊവ്വാഴ്ച്ച രാവിലെ 10 മണിയോടെയാണ് തെന്മല യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പുനലൂർ വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിച്ചത്. ഉപരോധം മണിക്കൂറുകൾ നീണ്ടതോടെ ദേശീയപാത അധികൃതരുടെ അനുമതി കിട്ടിയാൽ ഉടൻ തന്നെ പണികൾ ആരംഭിക്കാമെന്ന് വാട്ടർ അതോറിട്ടി ഓവർസിയർ നേതാക്കൾക്ക് ഉറപ്പ് നൽകി. ദേശീയപാത അതോറിട്ടി അധികൃതരെ ബന്ധപ്പെടുകയും ചർച്ചയ്ക്കൊടുവിൽ ദേശീയപാത അതോറിറ്റി ഓവർസിയർ പണിതുടരാനുള്ള അനുമതി പത്രം നൽകുകയും ചെയ്തു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റ്റോജോ ജോസഫ്, പുനലൂർ മുനിസിപ്പൽ പ്രതിപക്ഷനേതാവ് ജി. ജയപ്രകാശ്, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സൈജു വർഗീസ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അനൂപ് രാജ്, യൂത്ത് കോൺഗ്രസ് നേതാക്കളായ ബ്രിജി നാഗമല, ജോസഫ് തോമസ്, രാജീവ്, ശ്യാം ശങ്കർ, സ്റ്റെഫിൻ സാം, ലെവിൻ തോമസ്, വിഷ്ണു, ഷിനു തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.

ഡി.വൈ.എഫ്.ഐ തെന്മല മേഖല കമ്മിറ്റി

ചൊവ്വാഴ്ച്ച രാവിലെ ഡി.വൈ.എഫ്.ഐ തെന്മല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ തെന്മല വാട്ടർ അതോറിട്ടി പമ്പ് ഹൗസിലെ വാട്ടർ അതോറിട്ടി ഓവർസിയറെയും ഉദ്യോഗസ്ഥരെയും ഉപരോധിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ഉടൻ തന്നെ പൊട്ടിയ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാമെന്ന് ഉദ്യോഗസ്ഥർ നേതാക്കൾക്ക് ഉറപ്പ് നൽകി. ഇതോടെ പ്രവർത്തകർ ഉപരോധം അവസാനിപ്പിച്ചു. ഡി.വൈ.എഫ്.ഐ തെന്മല മേഖല കമ്മിറ്റി പ്രസിഡന്റ് മഹേഷ്‌ സുകു,മേഖല കമ്മിറ്റി അംഗങ്ങളായ ബിൻസ്മോൻ, സിബി, അലിൻബിജു, ബിപിൻമോൻ, ബിമൽ തോമസ്, ആരോമൽ, തൗഫീഖ്കബീർ, സിജു, തുടങ്ങിയവർ നേതൃത്വം നൽകി. യുവജനസംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് ഇന്നലെ ഉച്ചയോടെ തന്നെ പണികൾ ആരംഭിക്കുകയും ചെയ്തു.