കുന്നത്തൂർ : കിഫ്ബി പദ്ധതിയനുസരിച്ച് നിർമ്മാണം നടക്കുന്ന കരുനാഗപ്പള്ളി - ശാസ്താംകോട്ട പാതയിലെ കുറ്റിയിൽ ചന്തമുക്കിൽ റോഡിന്റെ ഉയരം കുറയ്ക്കാനുള്ള പണി ഇഴഞ്ഞു നീങ്ങുന്നത് യാത്രക്കാരെ വലയ്ക്കുന്നു. ദിവസങ്ങൾക്കു മുമ്പ് ഇവിടെ നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിനിടയിൽ മൈനാഗപ്പള്ളി പഞ്ചായത്തിലേക്കുള്ള വലിയ കുടിവെള്ള വിതരണ പെപ്പ് പൊട്ടുകയും കുടിവെള്ള വിതരണം താറുമാറാവുകയും ചെയ്തിരുന്നു. കുറ്റിയിൽ മുക്കിനും ചന്തമുക്കിനും ഇടയിൽ ഗതാഗതം നിരോധിച്ചിട്ടുള്ളതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലാണ്. ഇപ്പോൾ വാഹനങ്ങൾ സമീപത്തെ ഇടവഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. ഇവിടങ്ങളിൽ പലപ്പോഴും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വീടുകളിലേക്കും വിവിധ സ്ഥാപനങ്ങളിലേക്കും പോകാൻ കഴിയാതെ വലയുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. സമാനമായ രീതിയിൽ ഐ.സി.എസ് ജംഗ്ഷനിൽ റോഡിന്റെ ഉയരം കുറച്ചപ്പോൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ പണി പൂർത്തീകരിച്ചിരുന്നു.