കൊട്ടിയം: മസ്ജിദിന് മുന്നിലെ നേർച്ചവഞ്ചി തകർത്ത് പണം കവർന്നു. മൈലാപ്പൂര് ജമാഅത്ത് വക ദാറുസലാം മസ്ജിദിന്റെ മതിലിനോട് ചേർത്ത് നിർമ്മിച്ച വഞ്ചിയുടെ പിൻഭാഗമാണ് മോഷ്ടാക്കൾ തകർത്തത്.
ചൊവ്വാഴ്ച പുലർച്ചെ വാങ്ക് വിളിക്കാനെത്തിയ മോതീനാണ് വഞ്ചി തകർന്നുകിടക്കുന്നതായി കണ്ടത്. ഉടൻ തന്നെ പള്ളിക്കമ്മിറ്റി അംഗങ്ങളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കൊട്ടിയം എസ്.ഐ സുജിത് സി. നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി ടി.വി കാമറാ ദൃശ്യങ്ങളടക്കം പരിശോധിച്ച പൊലീസ് മോഷ്ടാക്കൾക്കായി ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൈലാപ്പൂരിൽ മോഷ്ടാക്കളുടെ ശല്യം അനുദിനം വർദ്ധിക്കുന്നതായി പരാതിയുണ്ട്.